കോഴിക്കോട്: സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി യുഡിഎഫിനെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി. കമ്മീഷന് റിപ്പോര്ട്ടിന്മേല് കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ കളിയുടെ ഭാഗമാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ കേസില്‍ കുടുക്കി നശിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഇപ്പോള്‍ യുഡിഎഫ്.ആവശ്യപ്പെടില്ല. സരിതയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാറാട് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് സര്‍ക്കാരിന്റേത്. നിയമപരമായും രാഷ്ട്രീയമായും അതിനെ നേരിടുമെന്ന് യോഗം തീരുമാനിച്ചു.
ബിജെപിയുടെ ബി ടീമാണ് പിണറായി വിജയനും പ്രകാശ് കാരാട്ടും. ഈ സര്‍ക്കാര്‍ ബിജെപിയോട് മൃദുസമീപനം കാണിക്കുന്നത് അക്കാരണത്താലാണെന്നും യോഗം വിലയിരുത്തി. കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും തളര്‍ത്തി ബിജെപിയെ വളര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്.
ഇടതു സര്‍ക്കാരിനെതിരായ ജനവികാരം വേങ്ങര തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും യോഗം വിലയിരുത്തി. ബിജെപിയ്ക്ക് കേരളത്തില്‍ പ്രതീക്ഷ വെച്ചിട്ട് കാര്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് വേങ്ങര തിരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.