സൗദിയില്‍ രണ്ടാഴ്ചക്കിടെ ഭീകരവാദ കേസുകളില്‍ അറസ്റ്റിലായത് 66 പേര്‍

0
38


രണ്ടാഴ്ചക്കിടെ സൗദിയില്‍ ഭീകരവാദ കേസുകളില്‍ 66 പേര്‍ അറസ്റ്റിലായി. ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനാലു വരെയുള്ള കണക്കനുസരിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 66 പേരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവരെയും ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവരെയുമാണ്‌ സൗദി സുരക്ഷാ സേന പിടികൂടിയത്. അറസ്റ്റിലായ 66 പേരില്‍ 61 പേര്‍ സൗദികളാണ്.

നിലവില്‍ രാജ്യത്ത് 5,305 പേരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തടവ് ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ 4,448 പേര്‍ സൗദികള്‍ ആണ്. മൂന്ന്‍ ഖത്തരികളും 24 സുഡാനികളും 216 സിറിയക്കാരും, 298 യമനികളും 4 എത്യോപ്യക്കാരും വിചാരണ നേരിടുന്നവരില്‍ ഉള്‍പ്പെടും.

ജിദ്ദയിലെ അല്‍ സലാം രാജകൊട്ടാരത്തിന് നേരെ കഴിഞ്ഞ ഏഴാം തിയ്യതി നടന്ന ഭീകരാക്രമണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.