അനീതിക്കെതിരെ നിശബ്ദനാവില്ല : അലന്‍സിയര്‍

0
67


തിരുവനന്തപുരം: അനീതികള്‍ക്കെതിരെ നിശബ്ദനായിരിക്കാന്‍ തനിക്കാവില്ലെന്ന് ചലച്ചിത്ര താരം അലന്‍സിയര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ ക്യാംപസ്‌ തിയറ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അലന്‍സിയര്‍.

സത്യം വിളിച്ച് പറഞ്ഞതിന്, പ്രതിഷേധം അറിയിച്ചതിന് എന്നെ കോമാളിയായി ചിത്രീകരിച്ചാലും കുഴപ്പമില്ല. ഇവിടെ ആരുടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെടരുത്, ഒരു ഗര്‍ഭപാത്രത്തിലും ശൂലം കയറരുത്. അനീതികള്‍ക്കെതിരെ നിശബ്ദനായിരിക്കാനല്ല ഈ കലാലയം തന്നെ പഠിപ്പിച്ചതെന്നും യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയായ അലന്‍സിയര്‍ പറഞ്ഞു. നാടകം ആയുധം കൂടിയാണെന്ന് ഇവിടെ നിന്നാണ് പഠിപ്പിച്ചത്.

ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായാണ് യൂണിവേഴ്‌സിറ്റി കോളേജിലെത്തുന്നത്. നരേന്ദ്ര പ്രസാദ്, വി.പി.ശിവകുമാര്‍, വിനയചന്ദ്രന്‍ മാഷ് തുടങ്ങി നിരവധി പ്രതിഭകളായിരുന്നു അധ്യാപകര്‍. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന് നാടകം പഠിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല.

യൂണിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോഴാണ് വലിയൊരു നാടക പാഠശാലയിലേക്കാണ് എത്തിയതെന്ന് അറിയുന്നത്. ഈ ക്യാംപസിലെ മഹാഗണി മരങ്ങള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ മരത്തില്‍ കെട്ടിപ്പിടിച്ച് നിന്നാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. നാടകമാണ് അതിനുള്ള ശക്തി തന്നത്.

കഴിഞ്ഞ ദിവസം കൊല്ലം ചവറ പൊലീസ് സ്റ്റേഷനില്‍ കണ്ണ് കെട്ടി ഞാന്‍ ചെന്നതും നാടകമായിരുന്നു, പ്രതിഷേധമായിരുന്നു. മരിക്കും വരെ നാടകം കളിക്കണമെന്നാണ് ആഗ്രഹമെന്നും അലന്‍സിയര്‍ പറഞ്ഞു.