കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകും

0
25

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ അനുമതി ലഭിക്കാത്തതിനാൽ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകിയേക്കും.ഈ മാസം അവസാനം മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന പോപ്പ് ഇന്ത്യ സന്ദര്‍ശിക്കില്ല.ഇന്ത്യാ സന്ദര്‍ശനത്തിന് വത്തിക്കാന്‍ തയ്യാറാണ്. കേന്ദ്രാനുമതിക്കു വേണ്ടി രണ്ടുവര്‍ഷമായി ശ്രമിക്കുന്നു.

കേന്ദ്രാനുമതി ലഭിക്കാത്തതാണ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകാന്‍ കാരണമെന്ന് സി ബി സി ഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധികൃതര്‍ അറിയിച്ചു.പ്രധാനമന്ത്രിയുടെയും മറ്റു നേതാക്കന്മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യാ സന്ദര്‍ശിക്കുന്നതില്‍ മാര്‍പാപ്പയ്ക്ക് സന്തോഷമേയുള്ളു. എന്നാല്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും സി ബി എസ് ഐ വക്താവ് ഫാ. ജോസഫ് ചിന്നയ്യന്‍ പറഞ്ഞു.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് മാര്‍പാപ്പയുടെ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം. റോഹിംഗ്യൻ വിഷയത്തില്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പയുടെ നിലപാട് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകും.