ഗ്രൂപ്പ് അല്ലാത്ത ഗ്രൂപ്പ്‌; പുതുമകളുമായി കോണ്‍ഗ്രസ്

0
65

കോണ്‍ഗ്രസില്‍ നിന്ന് കേള്‍ക്കുന്ന പുതിയ വാര്‍ത്ത ആ പാര്‍ട്ടിയില്‍ ഗ്രൂപ്പ് അല്ലാത്ത ഒരു മൂന്നാം ചേരി രൂപപ്പെടുന്നതിനെക്കുറിച്ചാണ്. പാര്‍ട്ടി, കോണ്‍ഗ്രസാകുമ്പോള്‍ തമാശയ്ക്ക് പഞ്ഞമൊന്നുമുണ്ടാകില്ലല്ലോ.

ഗ്രൂപ്പുകളില്‍ നിന്ന് ‘മോചിതരായ’ എംപിമാരും എഐസിസി നേതാക്കളും ചേര്‍ന്നതാണത്രെ പുതിയ ചേരി. അതായത് ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ് എന്നുവേണമെങ്കില്‍ വിളിക്കാം എന്നര്‍ത്ഥം. പാര്‍ട്ടി അതിന്റെ കെപിസിസി പട്ടിക ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് മാസം കുറേയായി. പക്ഷെ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നുമാത്രം. എങ്ങിനെ പൂര്‍ത്തിയാകാന്‍? ഇവിടെയുള്ള രണ്ട് ഗ്രൂപ്പുകളും തോളോടുതോള്‍ ചേര്‍ന്ന് 282 പേരുടെ ഒരു ജംബോ പട്ടികയുണ്ടാക്കി ‘ഒരുമ’ പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴത്തെ മൂന്നാം ചേരി അതംഗീകരിക്കുന്നില്ലെന്നാണ് കേള്‍വി. ഈ മൂന്നാം ചേരിയിലുള്ളവരാകട്ടെ ഹൈക്കമാന്റില്‍ ഏറെ പിടിയുള്ളവരും. അവര്‍ക്ക് ഏത് പാതിരാത്രി വേണമെങ്കിലും ഹൈക്കമാന്റിന്റെ വാതിലില്‍ മുട്ടുകയും അകത്തുകയറി അടുക്കളയില്‍ വരെ ഇരിപ്പുറപ്പിക്കുകയും ചെയ്യാമത്രെ.

‘ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ്’ എന്നത് തങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയമാണത്രെ. അതെന്തായാലും നന്നായി. ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ് ഉണ്ടാക്കാന്‍ അവസരമായല്ലോ. ഗ്രൂപ്പിന്റെ പേരിലുള്ള അച്ചടക്ക നടപടിയെ പേടിക്കുകയും വേണ്ട. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും കെ.എസ്.യുക്കാര്‍ക്കും കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലല്ലോ. യുവാക്കളെന്ന ഗ്രൂപ്പ് തിരിച്ച് അവരും പരാതികളുടെ ഒരു പട്ടിക ഹൈക്കമാന്റ് സമക്ഷം ഹാജരാക്കി. യുവാക്കളെന്നുപറഞ്ഞ് 60 വയസിന് മുകളിലുള്ളവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നതെന്നാണ് ഇവരുടെ പരാതി. അത് പിന്നെ കോണ്‍ഗ്രസില്‍ പതിവുള്ളതാണല്ലോ. 40 വയസുവരെ കെ.എസ്.യുവിലും 60 വയസ് വരെ യൂത്ത് കോണ്‍ഗ്രസുമായി നിലനില്‍ക്കുന്നതാണ് അവരുടെ പാരമ്പര്യം. അപ്പോള്‍ പിന്നെ 60 വയസിന് മുകളിലുള്ളവരെല്ലാം യുവാക്കളാണല്ലോ. എന്തായാലും യൂത്ത് കോണ്‍ഗ്രസുകാരും കെ.എസ്.യുക്കാരും കടുത്ത പ്രതിഷേധത്തിലാണ്. അത് മുറയ്ക്ക് ഹൈക്കമാന്റിനെ അറിയിക്കുന്നുമുണ്ട്. ഇതുകൊണ്ടെല്ലാം വല്ല ഗുണവുമുണ്ടാകുമോയെന്ന് കണ്ടുതന്നെ അറിയണം.

ആന്റണിയും മുല്ലപ്പള്ളിയുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്ത. ഔദ്യോഗിക ഗ്രൂപ്പുകള്‍ ചേര്‍ന്നുണ്ടാക്കിയ പട്ടിക മൂന്നാം ചേരി അംഗീകരിക്കുന്നില്ല. മൂന്നാം ചേരിക്കാര്‍ പറയുന്നതാകട്ടെ മറ്റ് രണ്ട് ഗ്രൂപ്പുകളും അംഗീകരിക്കുന്നില്ല. ഫലത്തില്‍ ഔദ്യോഗിക ഗ്രൂപ്പുകളും ഗ്രൂപ്പിലാത്ത ഗ്രൂപ്പും തമ്മിലാണ് ഇപ്പോള്‍ പോരാട്ടം. ഈ നാടകം കേരളം എല്ലാ കാലത്തും കാണുന്നതിനാല്‍ അണികള്‍ക്ക് വലിയ പരിഭ്രാന്തിയൊന്നും കാണാനില്ല. എന്നാലും ഒരു പുതുമയുണ്ടെന്ന് പറയാതെ വയ്യ. ‘ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ്’ ആണല്ലോ ഔദ്യോഗിക ഗ്രൂപ്പുകളുമായി ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അതൊരു പുതുമ തന്നെയല്ലെ? സാധാരണ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലാണല്ലോ തട്ടിമ്പില്‍ കൂത്ത് നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഈ രണ്ട് നേതാക്കളുടെയും അണികള്‍ ഒറ്റക്കെട്ടാണ്. അധികാരം പങ്കിടുന്ന കാര്യത്തിലെങ്കിലും ഐക്യം വേണമല്ലോ. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതുകൊണ്ട് കോണ്‍ഗ്രസിനുണ്ടായ ഒരേയൊരു ഗുണം ചാണ്ടി-ചെന്നിത്തല ഐക്യം രൂപീകരിക്കാന്‍ കഴിഞ്ഞു എന്നതുമാത്രമാണ്. അപ്പോഴതാ രാഹുല്‍ജിയുടെ ആശയം മുന്‍നിര്‍ത്തി ഒരു മൂന്നാം ചേരിക്കാര്‍ പ്രത്യക്ഷമായിരിക്കുന്നു. സംഘര്‍ഷത്തിന് ആരെങ്കിലുമൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്ത് രസം. അല്ലെങ്കില്‍ ഇത് കോണ്‍ഗ്രസല്ലേ എന്ന് ജനങ്ങള്‍ക്ക് തോന്നിയാലോ. അത് പാടില്ല. കാരണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരം ഒരു ബ്രാന്റ് ആണ്. കോര്‍പ്പറേറ്റുകളെപ്പോലെ. അവര്‍ ഒരിക്കലും തങ്ങളുടെ ബ്രാന്റ് നെയിം വിട്ടൊരു കളിയില്ലല്ലോ. അതുതന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. സംഘടനാതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അടിയാണ് അവരുടെ ഹൈലൈറ്റ്. അത് ആരെങ്കിലും ഇല്ലാതാക്കാന്‍ നോക്കിയാല്‍ ബ്രാന്റ് നെയിം കളഞ്ഞുകുളിക്കുകയാവില്ലേ? അതുകൊണ്ട് ചാണ്ടിയായാലും ശരി ചെന്നിത്തലയായാലും ശരി ബ്രാന്റ് നെയിം കളഞ്ഞുള്ള ഒരു കളിയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് ഒരുക്കമല്ല.

അണികളുടെ മനസില്‍ മറ്റൊരു ചിന്ത ഉരുണ്ടുകൂടുന്നുണ്ടെന്നാണ് കേള്‍വി. അത് മറ്റൊന്നുമല്ല, അഖിലേന്ത്യാതലത്തില്‍ പുന:സംഘടന നടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഗ്യാലറിയിലിരുന്ന് കളി കാണേണ്ടിവരുമോ എന്നാണത്രെ അത്. കാരണം ഇവിടുത്തെ പട്ടിക മൂന്നാം ചേരിക്കാരുടെ കുന്നായ്മ കൊണ്ട് എവിടെയും എത്തിയിട്ടില്ലല്ലോ. ഒരു പരിധി കഴിഞ്ഞാല്‍ ഹൈക്കമാന്റിന്റെ ക്ഷമയും നശിക്കാനാണ് സാധ്യത. അങ്ങിനെ വന്നാല്‍ പിന്നെ മറ്റ് സംസ്ഥാനങ്ങളിലെ പുന:സംഘടന ഗ്യാലറിയിലിരുന്ന് കാണുകയെ അണികള്‍ക്ക് നിവൃത്തിയുള്ളൂ. അപ്പോള്‍ അവരെ അണികള്‍ എന്നല്ല കാണികള്‍ എന്ന് വിളിക്കേണ്ടിവരുമെന്ന് മാത്രം.