മുംബൈ: റിലയന്‍സ് ജിയോയുടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു. 399 രൂപയുടെ ധന് ധനാ ധന് പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു. പ്രതിദിനം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കുന്നതോടൊപ്പം മറ്റ് സൗജന്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഒക്ടോബര്‍ 19 മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പ്ലാനില്‍ ചേരാനാകും.നേരത്തെ പ്ലാനിന്റെ കാലാവധി 84 ദിവസമായിരുന്നു.
ഇതോടൊപ്പം 509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തില്‍നിന്ന് 49 ദിവസമാക്കികുറച്ചു. എന്നാല്‍ 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ രണ്ട് ജി.ബിയായിരുന്നത് നാല് ജിബിയായാണ് വര്‍ധിപ്പിച്ചത്. 28 ദിവസത്തെ കാലാവധിക്കും മറ്റ് സൗജന്യങ്ങള്‍ക്കും മാറ്റമില്ല.
999 രൂപ പ്ലാനിന്റെ ഡാറ്റ സൗജന്യം 90 ജിബിയില്‍ നിന്ന് 60 ജി.ബിയായി കുറച്ചു. 155 ജി.ബി ഡാറ്റയുള്ള 1,999 രൂപയുടെ പ്ലാനിന് 125 ജി.ബിയായും 380 ജി.ബി ഡാറ്റയുള്ള 4,999 രൂപയുടെ പ്ലാനിന് 350 ജി.ബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക.