തിരുവനന്തപുരം നഗരത്തില്‍ ബസുകളുടെ മത്സരയോട്ടം തുടര്‍ക്കഥയാകുന്നു

0
95

തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അസഹനീയമാകുന്നു. നിയമങ്ങള്‍ എത്രയൊക്കെ കര്‍ശനമായാലും നിയമപാലകര്‍ക്കു മുന്നിലൂടെതന്നെയാണ് ബസുകളുടെ മത്സരയോട്ടം.

കിഴക്കേക്കോട്ടയ്ക്കു പോകുന്ന രണ്ടു ബസുകള്‍ തമ്മിലായിരുന്നു വ്യാഴാഴ്ച മത്സരയോട്ടം. KL-16, A-8639 സജിത്ത് എന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമം ജനങ്ങളില്‍ ഭീതി ഉളവാക്കി. ബസ്, സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ മുന്നോട്ടെടുത്തു. മുന്നിലുള്ള ബസിനെ മറികടക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ അപ്പോള്‍ ബസില്‍ നിന്നിറങ്ങുകയായിരുന്ന ഒരു യാത്രക്കാരന്‍ റോഡില്‍ തെറിച്ചു വീഴേണ്ടതായിരുന്നു. ബസിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ പെട്ടെന്ന് ഡോര്‍ അടച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്നോട്ടെടുത്ത ബസ് യാത്രക്കാരനെ ഇറക്കിവിടാതെ പായുകയും ചെയ്തു. അപകടം അറിഞ്ഞിട്ടും വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍ തയ്യാറാകാതെയായിരുന്നു ഇത്. യാത്രക്കാരുടെ നിലവിളിയും ശകാരവും ബസിലെ ഡ്രൈവര്‍ വകവെച്ചില്ല.

കഴിഞ്ഞ കുറേകാലമായി തിരുവനന്തപുരം നഗരത്തില്‍ ബസുകള്‍ തമ്മില്‍ നടക്കുന്ന മത്സരയോട്ടത്തില്‍ വലയുന്നത് യാത്രക്കാരാണ്. ഡ്രൈവര്‍മാരുടെ അലസമായ ഡ്രൈവിങ്ങാണ് പല അപകടങ്ങള്‍ക്കും കാരണം. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസുകള്‍ക്ക് പിന്നില്‍ മറ്റൊരു ബസ് വന്നാല്‍ യാത്രക്കാര്‍ കയറുന്നതിനോ ഇറങ്ങുന്നതിനോ മുന്‍പുതന്നെ ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഇതുകാരണം റോഡില്‍ തെറിച്ചുവീഴുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.