തെലുങ്കാനയില്‍ പൂജാരിമാരെ വിവാഹം ചെയ്യുന്നവര്‍ക്ക്‌ 3 ലക്ഷം രൂപ

0
71


ഹൈദരാബാദ്: തെലുങ്കാനയില്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ സര്‍ക്കാര്‍ സമ്മാനം. കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കത്തിന് കാരണം.

മൂന്നു ലക്ഷം രൂപ കൂടാതെ വിവാഹാഘോഷം ഗംഭീരമാക്കാന്‍ ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. നവംബറോടെ ‘കല്യാണമസ്തു’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നിലവില്‍ വരുമെന്ന് തെലുങ്കാന ബ്രാഹ്മിന്‍ സംക്ഷേമ പരിഷദ് ചെയര്‍മാന്‍ കെ.വി.രാമനാചാരി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ഉപദേശകന്‍ കൂടിയാണ് രാമനാചാരി.

മൂന്നുവര്‍ഷത്തേക്ക് വധൂവരന്മാരുടെ പേരില്‍ സ്ഥിരം നിക്ഷേപമായാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് ഉദ്ദേശിക്കുന്നതെന്നും രാമനാചാരി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു നേരത്തേ പ്രഖ്യാപിച്ചിരുന്നു.