തെളിവില്ല; മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു

0
40

തിരുവനന്തപുരം; സംസ്ഥാന ബിജെപിയെ വിവാദച്ചുഴിയിലാഴ്ത്തിയ മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ട് മൂന്നു മാസമായി. ബിജെപി നേതാക്കളടക്കം നിരവധിപേരുടെ മൊഴികള്‍ രേഖപ്പെടുത്തി. എന്നാല്‍ കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴ നല്‍കിയതായി ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയ എസ്.ആര്‍. എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും ബിജെപി നേതൃത്വവും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്.

കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നൊന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മൊഴി നല്‍കിയത്. കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ നല്‍കിയതായി എസ്.ആര്‍. എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്ഥാപനമുടമയുടെ മൊഴിയുണ്ടായിരുന്നെങ്കിലും രേഖകള്‍ കണ്ടെത്താനായിട്ടില്ല. പരാതിക്കാരില്ലാത്തതും അന്വേഷണത്തിന് തടസമായി. സാമ്പത്തിക അഴിമതി സംബന്ധിച്ച തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ 5.60 കോടി രൂപ വാങ്ങിയതായി എസ്ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് കോഴ വിവാദം ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് കെപി ശ്രീശന്‍, എംകെ നസീര്‍ എന്നിവര്‍ അംഗങ്ങളായി അന്വേഷണ കമ്മിഷനെ നിയമിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായി ആരോപിച്ച് ജനറല്‍ സെക്രട്ടറിയായിരുന്ന വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.