നഴ്‌സുമാരുടെ സമരം; ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ്

0
48

ചേര്‍ത്തല : നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ്. ചേര്‍ത്തല കെവിഎം ആശുപത്രി മാനേജ്‌മെന്റാണ് സ്ഥാപനം അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തുപോകുന്ന മുറയ്ക്ക് നിമയവിധേയമായിത്തന്നെ ആശുപത്രി അടച്ചുപൂട്ടും. കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ വേതനവര്‍ധന ആവശ്യപ്പെട്ട് നടത്തിവന്ന സമരം അറുപതുദിവസം പിന്നിട്ടിരുന്നു.

നഴ്‌സുമാരും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ഒത്തുചേര്‍ന്ന് ആശുപത്രിക്കെതിരെ അക്രമം നടത്തുകയാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. സമരം പലപ്പോഴും അക്രമാസക്തമാകുന്നത് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ജീവനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ശമ്പളവര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 117 നഴ്‌സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി ഇവിടെ സമരം ചെയ്യുന്നത്. യുഎന്‍എയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. സമരം ചെയ്ത രണ്ടു നേഴ്സുമാരെ ആശുപത്രിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും സമരം ചെയ്യുന്ന നേഴ്സുമാര്‍ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. സമരത്തിന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച് എത്തിയതില്‍ പിന്നെ ആശുപത്രിയില്‍ അക്രമം നടക്കുന്നതായാണ് മാനേജ്മെന്റ് ആരോപിക്കുന്നത്.