തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

0
51

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ലേക് പാലസ് റിസോര്‍ട്ടും സമീപപ്രദേശങ്ങളും, കൈനകരി പഞ്ചായത്തിലെ മാര്‍ത്താണ്ഡം കായലും ജില്ലാ കള്കടര്‍ നേരിട്ട് പരിശോധിച്ചിരുന്നു.

രണ്ടിടങ്ങളിലെയും റവന്യൂ രേഖകള്‍ കൂടാതെ, ഉപഗ്രഹ ചിത്രങ്ങളും പരിസ്ഥിതി നിയമങ്ങളും നിലവിലുള്ള കോടതിവിധികളുമെല്ലാം കളക്ടര്‍ വിശദമായി പരിശോധിച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒന്നരമാസത്തിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

നേരത്തെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് കളക്ടര്‍ സൂചിപ്പിച്ചിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മ്മാണവും, നീര്‍ച്ചാലിന്റെ ഗതിമാറ്റിയതും കല്‍കെട്ട് നിര്‍മ്മിച്ചതും ഇടക്കാല റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ത്താണ്ഡം കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റിരുന്നു.