മുഖ്യമന്ത്രി നടത്തിയത് അവകാശലംഘനം: കെ.മുരളീധരന്‍

0
41

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ തികഞ്ഞ അവകാശലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഒരന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കണം. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍. ഇത് ലംഘിക്കപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് കമ്മീഷന്‍ മുഖ്യമന്ത്രി പറഞ്ഞതായി പറയപ്പെടുന്ന കണ്ടെത്തലുകളിലെത്തിയത് എന്ന് അദ്ദേഹം ചോദിച്ചു. സമൂഹത്തില്‍ എപ്പോഴും മൊഴിമാറ്റുന്ന ഒരാളുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഉമ്മന്‍ ചാണ്ടിക്കെതിരായി നടപടി സ്വീകരിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ആരോപണവിധേയര്‍ക്ക് അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ ഹനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് കൊടുക്കില്ല എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്?പ്രതിപക്ഷത്തെ മന:പൂര്‍വം ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി നടത്തിയ കുത്സിത പ്രവൃത്തിയാണിത്. വിഡ്ഢിത്തങ്ങളുടെ പരമ്പര തന്നെ നടക്കുന്നു. നാലുവര്‍ഷത്തെ അന്വേഷണത്തിന് ഏതാണ്ട് ഏഴേകാല്‍ കോടി രൂപ ചെലവായി എന്നാണറിഞ്ഞത്. ഇത്രയും തുക ചെലവഴിച്ച് അന്വേഷണം നടത്തിയത് സമൂഹത്തില്‍ ഒട്ടും അംഗീകാരമില്ലാത്ത വ്യക്തിയുടെ വാക്ക് കേട്ടിട്ടാണോ? 14 മണിക്കൂര്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള കമ്മീഷന്റെ അഭിപ്രായം അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് മോശമായി കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി മാപ്പുപറയണം.

നിയമസഭയെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കാന്‍ ശ്രമിച്ചു. പോലീസുദ്യോഗസ്ഥരേയും കുറ്റക്കാരാക്കി. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ തപ്പിപ്പിടിച്ച് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എല്ലാം ഇടതുമുന്നണിയെ തിരിഞ്ഞുകൊത്തും. ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും മുരളീധരന്‍ ആരോപിച്ചു. ഇനിയെങ്കിലും ചെയ്ത തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.