മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാമെന്ന് പൊലീസ്

0
44

തിരുവനന്തപുരം:  ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സ നിഷേധിച്ചാല്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറാകാതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരുകന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ വിദഗ്ധ ചികിത്സ നല്‍കാന്‍ നടപടിയെടുത്തില്ല. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു

യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം. തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലാ ആശുപത്രികളും മുരുകന് ചികിത്സ നല്‍കാതെ കൈയൊഴിയുകയായിരുന്നു.