ശ്രുതിക്ക് ഭര്‍ത്താവിനൊപ്പം പോകാം: ഹൈക്കോടതി

0
45

കൊച്ചി: തൃപ്പൂണിത്തറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. പ്രണയ വിവാഹങ്ങളെ ലവ് ജിഹാദായി കാണരുതെന്നും മിശ്ര വിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ ഭരണഘടനാവിരുദ്ധമാണ് അവ അടച്ചു പൂട്ടണമെന്നും കോടതി വിലയിരുത്തി.

അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തന്റെ ഭാര്യ ശ്രുതിയെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് നല്‍കിയ ഹേപ്പിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കോടതി വിധി. അന്യ മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ യുവതിയെ യോഗാ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. അവിടെ വെച്ച് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നെന്ന് ശ്രുതി ഹൈക്കേടതിയില്‍ പരാതി പറഞ്ഞിരുന്നു. യോഗ കേന്ദ്രത്തിലെ പീഢനം സംബസിച്ച തൃശൂര്‍ സ്വദേശിനി ശ്വേതയുടെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.

മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതിനെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത് വഴി ദൈവത്തിന്റെ സ്വന്തം നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നതോ തിരികെ എത്തിക്കുന്നതോ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ശ്രുതിയുടെ കേസ് ലൗജിഹാദല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ആതിരയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും നല്‍കിയ അപേക്ഷ കോടതി തള്ളി. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ പോലീസിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ ഇവരുടെ അപേക്ഷ കോടതി തള്ളിയത്.