ഹേമചന്ദ്രന്‍ പിന്തുടര്‍ന്നത് വിന്‍സെന്റ് പോളിന്റെ പാത; ചരിത്രം ഓര്‍മ്മിക്കപ്പെടുന്നു

0
489

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഡിജിപി എ.ഹേമചന്ദ്രന്‍ പിന്തുടര്‍ന്നത് മുന്‍ ഡിജിപി വിന്‍സെന്റ് പോളിന്റെ പാത. പ്രത്യേക പൊലീസ് സംഘത്തിനെതിരെ നടപടിക്ക് സോളാര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ ഉത്തരവാദിത്തമേറ്റ്‌ അന്വേഷണ സംഘം തലവന്‍ ഡിജിപി ഹേമചന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സോളാര്‍ അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാൻ തയാറാണെന്നുമാണ് ഡിജിപി ഹേമചന്ദ്രൻ സര്‍ക്കാരിനു മുന്നില്‍ വ്യക്തമാക്കിയത്. താന്‍ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണത്. അവരെ ബലിയാടാക്കരുത്. കാരണം അവരും സോളാര്‍ പ്രത്യേക അന്വേഷണ സംഘവും തെറ്റുകള്‍ വരുത്തിയിട്ടില്ല. അന്വേഷണ സംഘത്തിനു അന്വേഷണ പരിധി ഉണ്ടായിരുന്നു-ഹേമചന്ദ്രന്‍ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ സാരം ഇതായിരുന്നു.

2001ലെ ആന്റണി സര്‍ക്കാരിന്റെ കാലത്ത്‌
മുന്‍ ഡിജിപിയായിരുന്ന വിന്‍സെന്റ് പോളും ഇതേ പോലെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. അന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആയിരുന്ന വീരാന്‍കുട്ടിയുടെ നേതൃത്വത്തില്‍  കോണ്‍ഗ്രസ് പൊലീസ് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പൊലീസ് കമ്മിഷണര്‍ ഓഫിസിനു നേര്‍ക്ക് ആക്രമണം നടന്നു. പോലീസുകാര്‍ക്ക് പരുക്ക് പറ്റി. ഓഫീസ് ആക്രമിക്കപ്പെട്ടു.

അന്ന് വിജയ്‌ സാഖറെ ആയിരുന്നു പൊലീസ് കമ്മിഷണര്‍. പ്രശ്നം വിവാദമായപ്പോള്‍ സാഖറെ രാത്രി ഡിസിസി പ്രസിഡന്റിന്റെ വീട്ടില്‍ക്കയറി വീരാന്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വധോദ്യമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. കരുണാകരന്‍-ആന്റണി ഗ്രൂപ്പ് പോര് ശക്തമായ കാലമായിരുന്നു അത്. ഭരണത്തില്‍  എ.കെ.ആന്റണി.  കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയുടെ കൂറ് കരുണാകരനോട്.  അതുകൊണ്ട് തന്നെ വീരാന്‍കുട്ടിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ മാനങ്ങള്‍ സൃഷ്ടിച്ചു. ഡിഐജി വിന്‍സെന്റ് പോള്‍ ആയിരുന്നു കോഴിക്കോട് റേഞ്ചിന്റെ ഡിഐജി. ആസ്ഥാനം കണ്ണൂരും.

ഇന്നും കോഴിക്കോട് കമ്മിഷണര്‍ അടക്കമുള്ളവരെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ഐജിയാണ്. കണ്ണൂര്‍ റേഞ്ചിലാണ് കോഴിക്കോട് ഉള്‍പ്പെടുന്നത്.അന്ന് ഡിഐജി. ഇന്നു ഐജി. ആ വ്യത്യാസം മാത്രമേയുള്ളൂ. വീരാന്‍കുട്ടിയുടെ അറസ്റ്റില്‍ വിന്‍സെന്റ് പോള്‍ എടുത്ത നിലപാട്  മുഖ്യമന്ത്രി ആന്റണിക്ക് തലവേദന സൃഷ്ടിച്ചു.

പക്ഷെ ആന്റണി നോക്കിയത് വിന്‍സെന്റ് പോളിന്റെ നിലപാടിലുള്ള സത്യസന്ധതയായിരുന്നു. കാരണം വീരാന്‍കുട്ടിയെ അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ നല്‍കിയത് വിന്‍സെന്റ് പോള്‍ ആയിരുന്നു. അപ്പോള്‍ നടപടി വേണമെങ്കില്‍ വിന്‍സെന്റ് പോളിനെതിരെയും വേണം. സര്‍ക്കാര്‍ കുഴപ്പത്തിലായി.

വിന്‍സെന്റ് പോള്‍ കേരളാ പോലീസിലെ മികച്ച ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. നിലപാട് കര്‍ക്കശം. നിലപാടില്‍ കുഴപ്പം പറയാന്‍ കഴിയില്ല. കാരണം വീരാന്‍ കുട്ടിയെ പൊലീസിന് അറസ്റ്റ് ചെയ്തേ മതിയാകുമായിരുന്നുള്ളൂ. വീരാന്‍കുട്ടി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

വിന്‍സെന്റ് പോളിന്റെ നിലപാട് കാരണം സാഖറെയ്‌ക്കെതിരെ നടപടിയെടുക്കാന്‍
സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ വിജയ്‌ സാഖറെയെ തിരുവനന്തപുരം ഡിസിആര്‍ബിയിലേക്ക് മാറ്റി. വിന്‍സെന്റ് പോളിനെ കൊച്ചി റേഞ്ച് ഡിഐജിയാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായല്ലാതെയായിരുന്നു ഈ മാറ്റങ്ങള്‍.

വിന്‍സെന്റ് പോളിനെ പണിഷ് ചെയ്തില്ല. റിവാര്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്നായിരുന്നു ഇതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണം. വിന്‍സെന്റ് പോളിന്റെ ആ നിലപാട് പൊലീസിന്റെ
ആത്മവീര്യം ഉയര്‍ത്തി. വിന്‍സെന്റ് പോള്‍ താഴെയുള്ള ഉദ്യോഗസ്ഥരെ കാത്തു.

സര്‍ക്കാരിനു പ്രത്യേകിച്ച്  ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കാരണം പൊലീസ് നിലപാടുകള്‍ സത്യസന്ധമായിരുന്നു. ആദര്‍ശധീരന്‍ എന്ന ഇമേജില്‍ മുന്നോട്ട് പോയിരുന്ന മുഖ്യമന്ത്രി എ.കെ.ആന്റണിയും ഇമേജിന് ഇടിവ് വരുത്തുന്ന ഒരു നടപടിക്കും തയ്യാറുമല്ലായിരുന്നു.

വലിയ ലീഡര്‍ഷിപ്പ് ക്വാളിറ്റിയുമായി ആ പ്രതിസന്ധി ഘട്ടത്തില്‍ നിറഞ്ഞ വിന്‍സെന്റ് പോളിന്റെ നിലപാട് കേരളത്തില്‍ വലിയ സമ്മതി നേടിക്കൊടുത്തു. ആ ചരിത്രം ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. വിന്‍സെന്റ് പോളിന് പകരം ആ നിലപാടുമായി ഇന്നു നിറഞ്ഞു നില്‍ക്കുന്നത് എ.ഹേമചന്ദ്രനാണ്.

ഹേമചന്ദ്രന്റെ നിലപാടിന് വലിയ സമ്മതിയുണ്ട്. കാരണം അന്വേഷണ വിഷയത്തിന് അപ്പുറം പോയി അന്വേഷിക്കാന്‍ പൊലീസീനു അധികാരമില്ലെന്നാണ് കത്തില്‍ ഹേമചന്ദ്രന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ടീമിനെ തിരഞ്ഞെടുത്തത് താനാണ്. അതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒപ്പം സോളാര്‍ പ്രത്യേക സംഘത്തിനു അന്വേഷിക്കേണ്ടിയിരുന്ന വിഷയങ്ങള്‍ എന്താണ് എന്ന് കൂടി നടപടിക്ക് മുന്‍പ് സര്‍ക്കാര്‍ ശ്രദ്ധിക്കണം-ഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞു.
.