ആംബുലന്‍സിന്‌ തടസമുണ്ടാക്കിയ കാര്‍ ഡ്രൈവറെ അറസ്റ്റു ചെയ്‌തു

0
44

 

കൊച്ചി: ശ്വാസതടസം നേരിട്ട്‌ അത്യാസന്ന നിലയിലായ നവജാതശിശുവുമായി പോയ ആംബുലന്‍സിന്‌ വഴി കൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ സ്വദേശി നിര്‍മല്‍ ജോസ്‌ (27) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ ഓടിച്ചിരുന്ന കാറും കസ്‌റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെയാണ്‌ ശ്വാസതടസത്തെ തുടര്‍ന്ന് നവജാതശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നില്‍ കാര്‍ തടസമായത്. കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് എടത്തല പോലീസ് സ്വമേധയാ കേസെടുക്കുകയും വ്യാഴാഴ്ച രാത്രിയോടെ നിര്‍മലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് കെ.എല്‍.-17എല്‍, 202 എന്ന നമ്പറിലുള്ള എസ്.യു.വി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. പലയിടങ്ങളിലും ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം ലഭിച്ചെങ്കിലും കാര്‍ ഒതുക്കിത്തന്നില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി. 15 മിനിറ്റു കൊണ്ട് ആശുപത്രിയില്‍ എത്തേണ്ട ആംബുലന്‍സ് 35 മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിയത്.

അതേസമയം, ആംബുലന്‍സിനു മുന്‍പില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ സി.എസ്.അയ്യപ്പന്‍ പറഞ്ഞു.മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.