ആംബുലന്‍സിന് തടസ്സമായ കാര്‍ ഡൈവറുടേത് വിചിത്ര മൊഴി

0
57

കൊച്ചി: കാര്‍ ഡൈവര്‍ പോലീസിന് നല്‍കിയത് വിചിത്രമായ മൊഴി. ആംബുലന്‍സിന് വഴിയൊരുക്കാനാണ് താന്‍ മുന്നില്‍ ചീറിപ്പാഞ്ഞതെന്നാണ് പ്രതിയായ നിര്‍മല്‍ ജോസ് പറഞ്ഞത്.

കാറുടമയുടെ വാദം അസംബന്ധമാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു പറഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരുമായി അയാള്‍ക്ക് ഒരുതരത്തിലുമുള്ള ബന്ധവുമില്ല. പെരുമ്പാവൂരില്‍നിന്ന് നിന്ന് വരുമ്പോള്‍ ആംബുലന്‍സിന് കൊച്ചിന്‍ ബാങ്ക് വഴി ഏറ്റവും വേഗത്തില്‍ പോകാനാകും. കൊച്ചിന്‍ ബാങ്ക് ജങ്ഷനില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞാല്‍ പിന്നീട് ധാരാളം ഹമ്പുകളും വളവുകളുമൊക്കെയുണ്ട്. ഇതാണ് കാര്‍ തടസ്സപ്പെടുത്തിയ ദൂരത്തില്‍ കൂടുതല്‍ സമയനഷ്ടത്തിന് ഇടയാക്കിയതെന്ന് മധു പറഞ്ഞു.

ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ പിഞ്ചുകുഞ്ഞുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് കളമശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് ആംബുലന്‍സിനെ കെ.എല്‍.-17എല്‍, 202 എന്ന നമ്പറിലുള്ള കാര്‍ തടസ്സപ്പെടുത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് കാറുടമ നിര്‍മല്‍ ജോസിനെ എടത്തല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കൂടാതെ ആലുവ ജോയിന്റ് ആര്‍ടിഒ സി.എസ്.അയ്യപ്പന്‍ കാറുടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കാലതാമസം ഉണ്ടാകാതിരിക്കാന്‍ കാറുടമയുടെ വീട്ടില്‍ ഇന്നലെ തന്നെ നേരിട്ട് നോട്ടീസ് എത്തിക്കുകയും ചെയ്തു.

നോട്ടീസില്‍ കാറുടമയുടെ വിശദീകരണം ലഭ്യമായിട്ടില്ലെന്നും പൈലറ്റ് പോയതെന്ന വാദം നിലനില്‍ക്കില്ലെന്നും സി.എസ്.അയ്യപ്പന്‍ പറഞ്ഞു. സംഭവത്തില്‍ കാറുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.