ഇന്ത്യയില്‍ മലിനീകരണത്തില്‍ മരിച്ചത് 25 ലക്ഷമാളുകള്‍

0
41

ന്യൂഡല്‍ഹി; മലിനീകരണം മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. താഴേക്കിടയിലുള്ളവരും ഇടത്തരക്കാരുമായ ആളുകളാണ് ഇങ്ങനെ മരിക്കുന്നവരില്‍ കൂടുതലും.

വായു, വെള്ളം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം മലിനീകരണമുണ്ടായ രാജ്യം ഇന്ത്യയാണെന്ന് 2015ലെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. 25 ലക്ഷത്തിലധികം പേര്‍ മലിനീകരണത്താല്‍ ആ വര്‍ഷം രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ന്യൂഡല്‍ഹി ഐഐടി, യുഎസിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവയുടെ സംയുക്ത പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ കാന്‍സര്‍, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) തുടങ്ങിയവയാണ് മിക്കവരെയും മരണത്തിലേക്കു നയിച്ചത്. 2015ല്‍ ലോകത്താകെ 65 ലക്ഷം മരണങ്ങള്‍ക്കു വായു മലിനീകരണം കാരണമായപ്പോള്‍, ജല മലിനീകരണം 18 ലക്ഷം പേരുടെയും ജോലിസ്ഥലത്തെ മലിനീകരണം എട്ടു ലക്ഷം പേരുടെയും ജീവനെടുത്തു. 92 ശതമാനം ഇത്തരം മരണങ്ങളും നടക്കുന്നത് അവികസിത രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതിവേഗം വ്യവസായിക നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലദേശ്, മഡഗാസ്‌കര്‍, കെനിയ എന്നിവിടങ്ങളില്‍ നാലിലൊന്നു മരണത്തിനു പിന്നിലും മലിനീകരണമാണ് വില്ലന്‍. 2015ല്‍ ചൈനയില്‍ 18 ലക്ഷവും ആളുകളാണ് മലിനീകരണത്തെ തുടര്‍ന്ന് മരിച്ചത്. ഇത്തരം മരണം മൂലമുള്ള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം 4.6 ട്രില്യണ്‍ ഡോളര്‍ (4.6 ലക്ഷം കോടി) വരും. ആഗോള സമ്പദ് വ്യവസ്ഥയുടെ 6.2 ശതമാനം വരുമിത്.

ലോകത്താകമാനം ഓരോ വര്‍ഷവും 90 ലക്ഷം പേരുടെ മരണത്തിനു മലിനീകരണമാണ് കാരണമാകുന്നത്. ആകെ മരണ തോതിന്റെ ആറിലൊന്ന് വരും ഇത്. വായു, വെള്ളം, മണ്ണ് മലിനീകരണത്തിനു പുറമേ, രാസവിഷങ്ങളുമാണ് ശിശു മരണങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. 15 വര്‍ഷത്തിനിടെ, വികസിത രാജ്യങ്ങളിലാണ് മലിനീകരണം കൂടിയത്.