ഉത്തരാഖണ്ഡ് പ്രളയ സമയത്ത് തന്റെ സഹായം യുപിഎ നിരസിച്ചെന്ന് മോദി

0
63


ഡെറാഡൂണ്‍: കേദാര്‍നാഥില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി. 2013-ല്‍ കേദാര്‍നാഥിലുണ്ടായ വെള്ളപ്പൊക്കത്തില്‍ താന്‍ മുന്നോട്ടുവെച്ച സഹായം യുപിഎ സര്‍ക്കാര്‍ നിരസിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചശേഷം പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളിലെ പുരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

2013 ല്‍ കേദാര്‍നാഥില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നാം ഓരോരുത്തരെയും അത് ദുഃഖത്തിലാഴ്ത്തി. ആ സമയത്ത് താന്‍ പ്രധാനമന്ത്രിയായിരുന്നില്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് പ്രളയബാധിതര്‍ക്കുവേണ്ട സഹായം താന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തന്റെ സഹായം നിരസിച്ചു. പിന്നീട് ബി.ജെ.പി ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Image result for modi in kedarnath

കേദാര്‍നാഥിന്റെ സൗന്ദര്യം നഷ്ടപ്പെടാതെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. അടുത്ത വര്‍ഷം 10 ലക്ഷം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉത്തരാഖണ്ഡിനെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും മോദി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഓരോ കുടുംബത്തിലെ ഒരോ അംഗമെങ്കിലും സൈനികനാണെന്നും മോദി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്, ഗവര്‍ണര്‍ കെ.കെ.പോള്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട്, മന്ത്രിമാര്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കനത്ത മുടല്‍ മഞ്ഞിനെതുടര്‍ന്ന് ശനിയാഴ്ച മുതല്‍ ആറുമാസത്തേയ്ക്ക് ക്ഷേത്രം അടയ്ക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.