ഉനക്കോട്ടി: കോടിക്ക് ഒന്നു കുറവുള്ള ശിവരൂപങ്ങളുടെ ഗ്രാമം

0
170

കാലെടുത്തു കുത്തുന്നതെല്ലാം ശിവരൂപമുള്ള കല്ലില്‍. എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവരൂപങ്ങള്‍ മാത്രമുള്ള ഉനക്കോട്ടി എന്ന ഗ്രാമം. കൃത്യമായ എണ്ണം പറഞ്ഞാല്‍ 99,99,999 എണ്ണം. ഒരു കോടിക്ക് ഒന്നു കുറവ്. ഉനക്കോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിക്ക് ഒന്നു കുറവ് എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെയാണ് ഈ ഗ്രാമത്തിന് ഉനക്കോട്ടി എന്ന പേരും ലഭിച്ചതും.

കല്ലില്‍ കൊത്തിയതും കല്ലില്‍ തീര്‍ത്തതുമായ രണ്ടു തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്.

വടക്കു കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലെ കൈലാഷഹര്‍ സബ്ഡിവിഷനിലാണ് ഉനക്കോട്ടി സ്ഥിതി ചെയ്യുന്നത്.

കാഴ്ചയ്ക്ക് ഏറെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഊനക്കോട്ട് സ്ഥിതി ചെയ്യുന്നത്.

ഉനക്കോട്ടി ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും കഥകളും ഉനക്കോടിയില്‍ നിലനില്‍ക്കുന്നു.

കഥ-1: ശിവശാപമേറ്റ ദൈവങ്ങള്‍
ഒരിക്കല്‍ ശിവനുള്‍പ്പെടെ ഒരുകോടി ദേവന്‍മാരോടും ദൈവതകളോടുമൊപ്പം കാശിക്കു പോവുകയായിരുന്നു. വഴിമദ്ധ്യേ ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു അവരുടെ വിശ്രമം. എന്നാല്‍ രാവിലെ എഴുന്നേറ്റ ശിവന്‍ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപംപൂണ്ട ശിവന്‍ അവര്‍ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരും കല്ലായിമാറി എന്നാണ് വിശ്വാസം.

കഥ-2: കൊല്ലപ്പണിക്കാരനോടുള്ള പന്തയം

ഊനക്കോട്ടി ചരിത്രത്തില്‍ മറ്റൊരു കഥയും നിലവില്‍ ഉണ്ട്. കല്ലു എന്നു പേരായ
കൊല്ലപ്പണിക്കാരന് ഒരിക്കല്‍ ശിവനോടും പാര്‍വ്വതിയോടുമൊപ്പം കൈലാസത്തില്‍ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പന്തയത്തില്‍ ജയിക്കുകയാണെങ്കില്‍ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു.

ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത് കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോള്‍ 99,99,999 രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടി എന്ന സംഖ്യയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോട്ടി എന്ന പേരു ലഭിച്ചതെന്നാണ് മറ്റൊരു വിശ്വാസം.

20 അടി ഉയമുള്ള ശിവരൂപം

ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു.

ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും രൂപം

ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുര്‍ഗ്ഗാ ദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.

അശോകാഷ്ടമി മേള

ഉനക്കോട്ടിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേളയാണ് അശോകാഷ്ടമി മേള എന്ന പേരില്‍ അറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. ഉനകോട്ടി മേള എന്നും ഇതറിയപ്പെടുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാണ് ഉനകോട്ടി ഇപ്പോള്‍. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രമായി ഉയര്‍ത്താനുള്ള പരിഗണനയിലാണിത്.

ആസ്ടെക് സംസ്‌കാരവുമായുള്ള സാമ്യം

ആസ്ടെക് സംസ്‌കാരവുമായുള്ള ചില സാമ്യങ്ങള്‍ കാണുവാന്‍ സാധിക്കും ഇവിടുത്തെ രൂപങ്ങള്‍ക്ക്. ഇവിടുത്തെ കല്ലില്‍ കൊത്തിയ രൂപങ്ങളുടെ കണ്ണുകളും പല്ലുകളും ശിരോഭൂഷണങ്ങളുമാണ് സമാനമായി തോന്നുന്നത്.

എട്ടാം നൂറ്റാണ്ടിലെ ശൈവ തീര്‍ഥം

ചില ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകളനുസരിച്ച് എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ട് വരെയുള്ള പാല്‍ ഇറയുടെ സമയത്തെ ശൈവതീര്‍ഥമായിരുന്നു ഉനകോട്ടി എന്നതാണ്. കുറച്ച് പേര്‍ ഇതൊരു ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു എന്നും പറയുന്നുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്. ഉനകോട്ടിയ ജില്ലാ തലസ്ഥാനമായ കൈലാഷഹര്‍ സബ്ഡിവിഷനില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണിത്. ധരംനഗര്‍ റെയില്‍ഡവേ സ്റ്റേഷനാണ് ഏറ്റവുെ അടുത്തുള്ളത്. 19.6 കിലോമീറ്റര്‍ അകലെയാണിത്.