വൈക്കം: ഐ പി എസുകാരിയാണെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത യുവതി അറസ്റ്റില്‍. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹന്റെ മകള്‍ അഷിതയാണ് അറസ്റ്റിലായത്.
ഐ.പി.എസ്.ഓഫീസറാണെന്നു തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് തലയാഴം സ്വദേശി അഖില്‍ കെ. മനോഹറിനെ യുവതി വിവാഹം കഴിച്ചത്.
പാലക്കാട് വാടകവീട്ടില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു അഷിത. അയല്‍വാസിയുടെ മകനെ ഡ്രൈവറും പി.എയുമായി ഒപ്പം കൂട്ടുകയും ചെയ്തു. പരിശോധനകള്‍ക്കിടയില്‍ ചെക്ക്പോസ്റ്റുകള്‍ക്ക് അകലെ വാഹനം നിര്‍ത്തിയ ശേഷം ഫയലുകളുമായി ഓഫീസില്‍ കയറി മണിക്കൂറുകള്‍ക്കുശേഷം തിരിച്ചുവരികയായിരുന്നു പതിവ്.
തനിക്ക് 57,000 രൂപ ശമ്പളമുണ്ടെന്നും, ശമ്പളം ലഭിക്കുമ്പോള്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞ് അയല്‍വാസിയുടെ മകനില്‍നിന്നും മൂന്നു ലക്ഷം രൂപ വാങ്ങുകയും ചെയ്തു. കൂടാതെഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും പണം കടം വാങ്ങിയിരുന്നു.
എന്നാല്‍ മുന്‍പ് കബളിപ്പക്കപ്പെട്ട ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചു വന്നതോടുകൂടിയാണ് തട്ടിപ്പ് കഥ പുറം ലോകം അറിഞ്ഞത്. ഇയാളില്‍ നിന്നും മൂന്നുലക്ഷം രൂപയാണ് ആഷിത കൈക്കലാക്കിയത്. സാന്റോ വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവാവിനു നല്‍കാനുള്ള പണം തിരിച്ചുകൊടുക്കാമെന്നു ധാരണയായെങ്കിലും വിവാഹത്തട്ടിപ്പു നടത്തിയതിന് അഖിലിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്കെതിരേയും പോലീസ് കേസെടുത്തു. യുവതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.