കടകംപള്ളിയുടെ ചൈന സന്ദര്‍ശനം രാജ്യ താല്‍പര്യത്തിനു വിരുദ്ധമെന്ന് കേന്ദ്രം

0
44

ഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് രാജ്യ താല്‍പര്യത്തിന് വിരുദ്ധമായത് കൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നേരത്തെ പ്രോട്ടോക്കോള്‍ പ്രശ്നം കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരണം നല്‍കിയത്. ആര്‍ടിഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി.ബിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് അറിയിച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിന് കാരണങ്ങള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. പരിപാടിയില്‍ മന്ത്രിതലത്തില്‍ ഉള്ളവരുടെ പങ്കാളിത്തം രാജ്യ താല്‍പര്യത്തിന് ചേരുന്നതല്ല എന്ന ഒറ്റവരിയിലെ മറുപടിയാണ് നല്‍കിയത്.

യാത്ര ഏത് വിധത്തില്‍ രാജ്യതാല്‍പര്യത്തിന് അനുചിതം ആകുന്നുവെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. അനുമതി നിഷേധിക്കുന്നതിലേക്ക് നയിച്ച നിയമം, മാനദണ്ഡങ്ങള്‍, ഉത്തരവുകള്‍ എന്നിവ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ ലഭ്യമല്ലെന്നാണ് മറുപടി.

യാത്രയ്ക്കുള്ള അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം മൂലമെന്നാണ് നേരത്തെ വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.