തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിലക്കിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹൈക്കോടതിയില്‍തന്നെ റിവിഷന്‍ ഹര്‍ജി നല്‍കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിയമോപദേശം തേടിയായിരിക്കും സര്‍ക്കാരിന്റെ നടപടി. കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ നിയമനടപടിയുമായി നീങ്ങാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടും. വേണ്ടിവന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാനും സാധ്യതയുണ്ട്.
അതിനിടെ, ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചു. ഇത് അക്കാദമിക് അന്തരീക്ഷം തകര്‍ക്കും. സമാധാനപരമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊന്നാനി എംഇഎസ് കോളജിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. സമരത്തിന് നേതൃത്വം നല്‍കുന്നവരെ കാമ്പസില്‍ നിന്ന് പുറത്താക്കാനും ഹൈക്കോടതി അതാത് മാനേജ്മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.