ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപന ചുമതല മോദിയ്ക്ക്: ചിദംബരം

0
46


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം പരിഹസിച്ചു. ഗുജറാത്തില്‍ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ചിദംബരം ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിദംബരത്തിന്റെ ഈ പരാമര്‍ശങ്ങള്‍.

ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ബിജെപിക്ക് അവസരമൊരുക്കുന്നതിനാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.