ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറയണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം

0
110


ലണ്ടന്‍: ബ്രിട്ടീഷ് കാലഘട്ടത്തില്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം. 1919-ല്‍ അമൃതസറില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മയാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തില്‍ ഇതുവരെ അഞ്ച് അംഗങ്ങളാണ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്. കൂട്ടക്കൊല നടന്നിട്ട് 100 വര്‍ഷത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ഉചിതമാണെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സംഭവത്തിന്റ പ്രധാന്യം പാര്‍ലമെന്റ് തിരിച്ചറിയണമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടായിരുന്നു ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊല. ഈ സംഭവം അനുസ്മരിക്കപ്പെടേണ്ടതാണെന്നും അത്തരമൊരു പ്രവൃത്തിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളപ്പറയണമെന്നും പ്രമേയം അവതരിപ്പിച്ച വീരേന്ദ്ര ശര്‍മ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ജയിംസ് കാമറൂണ്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.