ഡിസ്കവറി, ജിയോഗ്രഫി ചാനലുകളുടെ മാതൃകയില്‍ ‘ഡിഡി പ്രകൃതി’

0
140


ന്യൂഡല്‍ഹി: ഡിസ്‌കവറി, നാഷണല്‍ ജിയോഗ്രഫിക്ക് ചാനലുകളുടെ മാതൃകയിൽ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഡി ഡി പ്രകൃതി’ എന്ന പേരില്‍ ചാനല്‍ ആരംഭിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദേശം. പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മൂന്നാമത് നാഷണല്‍ വൈല്‍ഡ്‌ ലൈഫ് ആക്ഷന്‍ പ്ലാനിലാണ് നിര്‍ദേശമുള്ളത്. ദൂരദര്‍ശന്‍റെയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ ചാനല്‍ ആരംഭിക്കാനാണ് പദ്ധതി.

2018 ഓടെ ചാനല്‍ ആരംഭിക്കാനാണ് തീരുമാനം. പുറമേനിന്നുള്ള ചാനലുകളായ ഡിസ്‌കവറി ചാനലും നാഷണല്‍ ജിയോഗ്രഫിക്കും മാത്രം കാണുന്നതിന് പകരം ഇന്ത്യക്കാര്‍ നിര്‍മിച്ച പരസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഡിഡി പ്രകൃതിക്ക് ഉള്ളതെന്ന് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് മെമ്പര്‍ വിവേക് മേനോന്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യക്കാര്‍ തയ്യാറാക്കിയ, തദ്ദേശീയമായി ചിത്രീകരിച്ച പരിപാടികളെ പ്രാത്സാഹിപ്പിക്കുകയാണ് ഡി ഡി പ്രകൃതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് മാധ്യമങ്ങളെ പ്രകൃതി ബോധവത്കരണ പരിപാടികള്‍ക്ക് ഉപയോഗിക്കാനും പ്രകൃതി സംരക്ഷണത്തിന് സോഷ്യല്‍മീഡിയയുടെ സാധ്യത പരിശോധിക്കാനും വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിക്കുന്നുണ്ട്.