താജ്മഹല്‍ മനോഹരമായ ഖബര്‍സ്ഥാനെന്ന് ഹരിയാന മന്ത്രി

0
37

ചണ്ഡിഗഢ്: താജ്മഹലിനെച്ചൊല്ലിയുള്ള വാക്‌പോരിന് ശമനമില്ല. താജ്മഹല്‍ മനോഹരമായ ഖബര്‍സ്ഥാനാണെന്ന അഭിപ്രായവുമായി ഹരിയാന മന്ത്രി അനില്‍ വിജ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അനില്‍ വിജ് പ്രതികരണവുമായി രംഗത്തെത്തിയത്.

താജ്മഹലിനെപ്പറ്റി ബി.ജെ.പി നേതാവ് സംഗീത് സോം നേരത്തെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു സോമിന്റെ പരാമര്‍ശം.

ഇത് വിവാദമായതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുകയും താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുകൊണ്ട് നിര്‍മ്മിച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 26ന് താന്‍ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പില്‍ താജ്മഹലിനെ പരാമര്‍ശിക്കാത്തതായിരുന്നു വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം താജ്മഹലിന് അഭിവാദ്യമര്‍പ്പിച്ച് കേരള ടൂറിസം രംഗത്തെത്തിയിരുന്നു.