ദേവസ്വം ബോര്‍ഡുകളുടെ കാലാവധി ചുരുക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രയാര്‍

0
77

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ടുവര്‍ഷമായി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

സര്‍ക്കാരിന് എന്തും ആവാം. ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറയ്ക്കുകയോ കൂട്ടുകയോ ആവാം. സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്‌. അതേചൊല്ലി ഒരു പ്രതികരണത്തിനു ഞാന്‍ നില്‍ക്കുന്നില്ല-പ്രയാര്‍ പറഞ്ഞു.

കാലാവധി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതല്ലേ നടക്കൂ. ദേവസ്വം ബോര്‍ഡിനു ആ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ലഭിച്ച കാലാവധി നല്ല രീതിയില്‍ വിനിയോഗിച്ചു എന്ന പൂര്‍ണ്ണ തൃപ്തി എനിക്കുണ്ട്. പ്രസിഡന്‍റ് എന്ന നിലവിലെ കാലാവധിയില്‍ ശബരിമലയിലെ അഴിമതിക്ക് മൂക്കുകയറിടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ അഴിമതി പകുതിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം അഴിമതിരഹിതമായും ഭക്തിനിര്‍ഭരമായുമാണ് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കിയത്. അതില്‍ എനിക്ക് പൂര്‍ണ്ണ സംതൃപ്തിയുണ്ട്-പ്രയാര്‍ പറഞ്ഞു.

ഈ ദേവസ്വം ബോര്‍ഡിന്റെ കാലയളവില്‍ ഭക്തരുടെ തൃപ്തി ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡ് കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏതു നടപടിയും അംഗീകരിക്കും. ദേവസ്വം ബോര്‍ഡ് കാലാവധി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്‌. അത്തരം നടപടി വന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ ബോര്‍ഡിനോട് സര്‍ക്കാരിനു വലിയ പ്രതിപത്തിയില്ല. അതുകൊണ്ട് തന്നെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തന്നെ ബോര്‍ഡിന്‍റെ കാലാവധി കുറച്ച് ഈ ദേവസ്വം ബോര്‍ഡിന്റെ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രയാറിന് 2018 നവംബര്‍ വരെ കാലാവധിയുണ്ട്. നിലവില്‍ മൂന്നു വര്‍ഷമാണ്‌ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി. അതുകൊണ്ട് തന്നെ കാലാവധി രണ്ടു വര്‍ഷമായി ചുരുക്കാനാണ് സര്‍ക്കാര്‍ നീക്കം.

കെ.കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡുകളുടെ കാലാവധി നാലു വര്‍ഷമായിരുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ ജി.സുധാകരന്‍ മന്ത്രിയായപ്പോള്‍ കാലാവധി മൂന്നു വര്‍ഷമായി ചുരുക്കി. ആ മൂന്നു വര്‍ഷം രണ്ടു വര്‍ഷമായി ചുരുക്കാനാണ് സര്‍ക്കാര്‍ നീക്കം.

കാലാവധി രണ്ടു വര്‍ഷമായി ചുരുക്കുന്ന കാര്യത്തില്‍ നിയമഭേദഗതി വേണോ ഓര്‍ഡിനന്‍സ് വേണോ എന്ന കാര്യത്തിലും സര്‍ക്കാരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഓര്‍ഡിനന്‍സുകളുടെ നിയമവശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പി.സദാശിവം ഓര്‍ഡിനന്‍സുകള്‍ തിരിച്ചയക്കുന്ന പശ്ചാത്തലത്തിലാണിത്.