മെര്‍സല്‍ അണിയറശില്പികള് ബിജെപി തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തിന് വഴങ്ങി. വിജയ് നായകനായി അറ്റ്ലി ചിത്രത്തില്‍ നിന്ന് ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചു.
ചിത്രത്തില്‍ കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ രണ്ട് അഭിമാന പദ്ധതികളായ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും കളിയാക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്രാജന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ രംഗങ്ങളില്‍ പ്രതിഫലിച്ചതെന്ന് തമിളിസൈ കുറ്റപ്പെടുത്തിയിരുന്നു.
രജനികാന്തിന്റെ കബാലിയുടെ സംവിധായകനായ പാ രഞ്ജിത്ത് ഈ രംഗങ്ങള്‍ ഒരു കാരണവശാലും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുതൊട്ടു പിറകെയാണ് സീനുകള്‍ വെട്ടിമാറ്റാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല എന്നായിരുന്നു രഞ്ജിത് പറഞ്ഞത്.
ഇതില്‍ നായകന് വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നു. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്നമായത്.
ഇത് ബി.ജെ.പി.യുടെ വിജയമല്ല, സംവിധായകന് അറ്റ്ലിയുടെയും ടീമിന്റെയും വിജയമാണെന്നാണ് സീനുകള്‍ വെട്ടിമാറ്റിയതിനെ കുറിച്ച് ഭരണകക്ഷിയായ എ. ഐ. എ.ഡി.എം.കെ പ്രതികരിച്ചത്.
ഒരു പ്രാദേശിക തമിഴ് ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, നിര്‍മാതാക്കളില്‍ നിന്നോ നായകന് വിജയില്‍ സംവിധായകന് അറ്റ്ലിയില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല.