കാന്‍ബറ: യുഎസുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ കത്തിലൂടെ ആവശ്യപ്പെട്ടതായി ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. ഇന്തോനേഷ്യയിലുള്ള ഉത്തരകൊറിയന്‍ എംബസി വഴിയാണ് പ്യോംഗ്യാംഗ് സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ വിദേശകാര്യ സമിതിയുടെ പേരിലുള്ള ഒരു പേജുവരുന്ന കത്ത് ലഭിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഹീനവും സാഹസികവുമായി നീക്കങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അകലം പാലിക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വെളിപ്പെടുത്തി. സ്വയം പ്രതിരോധിച്ചാല്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത് എന്നാണ് ഈ കത്ത് തെളിയിക്കുന്നതെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.