
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ മോദിയുടെ മൗനത്തെ കളിയാക്കിയാണ് . ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരിഹാസം. സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്‍ ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല എന്നുമാണ് രാഹുല്‍ കുറിച്ചത്.
ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് വാര്‍ത്താ വിലക്കേര്‍പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈ ദിസ് കൊലവെറി എന്ന രാഹുലിന്റെ പരിഹാസം വന്‍ ശ്രദ്ധനേടിയിരുന്നു.
ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. കോടതി ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയര്‍ പ്രതികരിച്ചു.
അമിത്ഷായുടെ മകന് ജയ്ഷായുടെ കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യങ്ങളും വായ്പകളും അനുവദിച്ചതിന്റെ കണക്ക് ദ വയര്‍ പുറത്തുവിട്ടത് വിവാദമായിരുന്നു.