സിബിഐ നടപടിക്ക് പിന്നില്‍ അമിത്ഷായുടെ പ്രസംഗമെന്ന് കോടിയേരി

0
46

തലശ്ശേരി; ബിജെപി പ്രവര്‍ത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ സ്വീകരിച്ച നിലപാടും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗവും തമ്മില്‍ ബന്ധമുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സിബിഐ അഭിഭാഷകന്റെ അസാധാരണ നടപടി ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഹര്‍ജി കോടതിയില്‍ വന്നാല്‍ സാധാരണ സിബിഐക്കു നോട്ടിസ് നല്‍കിയതിനു ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്നു തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ അസാധാരണമായ നടപടിയാണു ഹൈക്കോടതിയില്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമമാണു നടക്കുന്നത്. ആര്‍എസ്എസ് ഫാസിസത്തെ നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമാണെങ്കിലും അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാനാവില്ല. നയപരമായി യോജിപ്പില്ലാത്തവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന്റെ അനുഭവം മുന്നിലുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.