സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

0
44

ഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി തടഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. നേരത്തെ സംസ്ഥാന സര്‍ക്കാരും സെന്‍കുമാറിന്റെ നിയമനത്തെ എതിര്‍ത്തിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍കുമാറിനെതിരായി രണ്ട് ക്രിമിനല്‍ കേസുകളും എഡിജിപി ബി.സന്ധ്യയുടെ ഒരു അന്വേഷണ റിപ്പോര്‍ട്ടും നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നിലപാടെന്നാണ് സൂചന.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ രണ്ട് ഒഴിവുകളാണുള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പി.എസ്.സി. ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് യോഗ്യരായവരെ തിരഞ്ഞെടുത്ത് ശുപാര്‍ശ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ഗവര്‍ണറുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിപ്രായമാരാഞ്ഞശേഷം സുപ്രീം കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതിയുടെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.