എം.മനോജ് കുമാര്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിയമനം താത്ക്കാലികമായി തടഞ്ഞപ്പോള്‍ പിന്തുടര്ന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നടപടിക്രമങ്ങള്‍ എന്ന് സൂചന.
വിവിധ കേസുകള്‍ ഉള്ളതുകാരണം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ടി.പി.സെന്‍കുമാറിന്റെ നിയമനം തത്ക്കാലം വേണ്ടെന്ന ഉത്തരവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെതാണ്.
എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിടുക കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനങ്ങള്‍ക്കാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് നിയമനങ്ങള്‍ വരുമ്പോള്‍ ഫയലുകള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വഴിയാണ് രാഷ്ട്രപതിയിലേക്ക് എത്തുകയും നിയമനം നടക്കുകയും ചെയ്യുന്നത്.
എന്നാല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം വരുമ്പോള്‍ രീതി മാറുന്നു. ഇവിടെ ഫയലുകള്‍ നീങ്ങേണ്ടത് ഗവര്‍ണര്‍ വഴി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്നും രാഷ്ട്രപതിയിലേയ്ക്ക് എന്ന നിലയിലാണ്. പക്ഷെ സെന്‍കുമാറിന്റെ ഫയല്‍ എത്തിയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിലേക്കാണ്.
സെന്‍കുമാറിന്റെ കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്തുടര്ന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നടപടിക്രമങ്ങളാണ്. അതുകൊണ്ട് തന്നെ ഫയല്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്നും സുപ്രീം കോടതിയിലേക്ക് പോകട്ടെ എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
അതുപ്രകാരം ഫയല്‍ നേരെ സുപ്രീം കോടതിയിലേക്ക് നീങ്ങി. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അത് തീര്‍ന്നിട്ട് സെന്‍കുമാറിനെ പരിഗണിച്ചാല്‍ മതി എന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. കേരള അഡ്മിനിസ്ട്രെറ്റീവ് ട്രൈബ്യൂണല്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആണെങ്കില്‍ രാഷ്ട്രപതിയില്‍ നിന്നുള്ള തീര്‍പ്പ് ആയിരുന്നു വരേണ്ടിയിരുന്നത്. പക്ഷെ ഇപ്പോള്‍ വന്നത് സുപ്രീംകോടതി ഉത്തരവാണ്. അതായത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പ്രകാരമുള്ള നടപടികളാണ് വന്നത്.
എന്തായാലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെന്‍കുമാറിന്റെ വഴി തത്ക്കാലം അടഞ്ഞിരിക്കുന്നു.