സോളാര്‍ റിപ്പോര്‍ട്ട്‌: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത് പഴുതുകളടച്ച് മുന്നേറാന്‍

0
68

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പഴുതടച്ച നടപടികളുമായി മുന്നോട്ട് നീങ്ങാനാണ് രണ്ടാമതും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സൂചന. ജസ്റ്റിസ് അരിജിത് പസായതില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.

സോളാര്‍ കേസിലെ അഴിമതിയും ലൈംഗിക അപവാദങ്ങളും അടിസ്ഥാനമാക്കി ഉമ്മന്‍‌ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിലെ ഒരു ഡസന്‍ നേതാക്കള്‍ക്കെതിരെ നിയമസാധുതയുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ തന്നെയാണ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സോളാര്‍ കമ്മിഷന്‍ പരിധി ലംഘിച്ചതായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം.
കമ്മിഷന്റെ കണ്ടെത്തലുകള്‍ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല എന്ന ആക്ഷേപം ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ രണ്ടാമതും നിയമോപദേശം സ്വീകരിച്ച് പഴുതടയ്ക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.

ഒരു പഴുതും ഇല്ലാതെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കുക എന്ന് തന്നെയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ലക്ഷ്യം വയ്ക്കുന്നത്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ് തുടങ്ങിയ മുന്‍നിര നേതാക്കള്‍ കേസില്‍ കുടുങ്ങിയാല്‍ താത്ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസ് നിര്‍വീര്യമാകുന്ന അവസ്ഥ വരും. അതുകൊണ്ട് തന്നെ നിലവിലെ ആരോപണങ്ങള്‍ ഒഴിവാക്കി നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് നീങ്ങാനാണ് സര്‍ക്കാര്‍ നീക്കം. അരിജിത് പസായത് പോലുള്ള ഒരു പ്രമുഖ നിയമജ്ഞന്റെ സഹായം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തേടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് ഇതിനാലാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ വിഷയങ്ങള്‍ക്കപ്പുറം അന്വേഷണം വ്യാപിപ്പിക്കാന്‍ കമ്മിഷന്‍ സ്വയം ഉത്തരവ് ഇറക്കിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടിട്ടുണ്ട്. ഇതിനു നിയമ പിന്‍ബലം ഉണ്ടോയെന്നു അരിജിത് പസായതിനോട് സര്‍ക്കാര്‍ ആരായും.

അതേസമയം പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് നവംബര്‍ 9നു സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും. വെറും ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് സഭ ചേരുന്നത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാനാണ് സഭാ സമ്മേളനം ചേരുന്നത്. ഇതിനോടൊപ്പം നടപടി റിപ്പോര്‍ട്ട് കൂടി സഭയുടെ മേശപ്പുറത്ത് വയ്ക്കും. ആ സമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്മേല്‍ ചര്‍ച്ചയുണ്ടാവില്ല. നടപടിക്രമങ്ങള്‍ മാത്രമാവും ഉണ്ടാവുക. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കും.