സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവെച്ചു

0
41


ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തുനിന്ന് രഞ്ജിത് കുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചത്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവെച്ചതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറലിന്റെയും രാജി.

2014 ജൂണിലാണ് രഞ്ജിത് കുമാറിനെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മോഹന്‍ പരാശരന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ സോളിസിറ്റര്‍ ജനറലായി സ്ഥാനമേറ്റെടുത്തത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതെന്ന് രഞ്ജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാര്‍ നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി സെഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കമുള്ളവയില്‍ അദ്ദേഹം ഹാജരായിരുന്നു. നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.