അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം: പ്രണബ് മുഖര്‍ജി

0
66

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് ദയാഹര്‍ജി തള്ളിയതെന്ന് പ്രണബ് പറഞ്ഞു. നിരവധി ഘട്ടങ്ങളും നടപടികളും കടന്നാണ് ഒരു ദയാഹര്‍ജി രാഷ്ട്രപതിയുടെ അന്തിമ തീരുമാനത്തിനായി എത്തുന്നത്. തുടര്‍ന്ന് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരായും. സര്‍ക്കാര്‍ ശുപാര്‍ശ ദയാഹര്‍ജി തള്ളാനാണെങ്കില്‍ സാധാരണയായി രാഷ്ട്രപതിയും അതേ നിലപാടാണ് സ്വീകരിക്കുകയെന്നും പ്രണബ് വ്യക്തമാക്കി.

വ്യക്തിപരമായി വധശിക്ഷയെ താന്‍ എതിര്‍ക്കുന്നു. ഇത്തരത്തിലുള്ള ശിക്ഷാരീതി നിരോധിക്കാന്‍ സാമാജികര്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്നും പ്രണബ് ആവശ്യപ്പെട്ടു. പ്രണബ് രാഷ്ട്രപതിയായിരുന്ന 2012-2017 കാലയളവില്‍ വിവിധ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട 30 പേരുടെ ദയാഹര്‍ജികള്‍ തള്ളിയിരുന്നു.

2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണ കേസിലാണ് വിചാരണ കോടതി അഫ്സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. എന്നാല്‍, അഫ്സല്‍ ഗുരുവിന്റെ ബന്ധുക്കള്‍ നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്ന് 2006 ഡിസംബര്‍ 20ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. 2013 ഫെബ്രുവരി മൂന്നിന് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിന് തിഹാര്‍ ജയിലില്‍ വെച്ച് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി.