തിരുവനന്തപുരം: സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറച്ച പുസ്തകങ്ങള്‍ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്കൂളുകളില്‍ വ്യാപകമാകുന്നതായി പരാതി ഉയരുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം.
വിദ്യാഭാരതി സംസ്കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
സംഘപരിവാര്‍ നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് പുസ്തകങ്ങള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുപോലും തെറ്റിദ്ധാരണാജനകവും യുക്തിക്ക് നിരക്കാത്തതുമായ വസ്തുതകളാണ് പ്രചരിപ്പിച്ചിരിക്കുന്നത്. 1773 ല്‍ ബംഗാളിലെ യതി എന്നറിയപ്പെട്ടിരുന്ന ഒരു പറ്റം സന്യാസിമാര്‍ ആയിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി സംഘടിച്ചത്. ഇതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം എന്ന രീതിയിലാണ് വിശദീകരിച്ചിരിക്കുന്നത്.
ജീവോല്പ്പത്തിയെക്കുറിച്ചും വിചിത്രമായ വാദങ്ങളാണ് ഉയര്‍ത്തുന്നത്. ലോകത്തെ ആദ്യത്തെ മനുഷ്യജീവി ഉദ്ഭവിച്ചത് ആഫ്രിക്കയിലല്ല, ഇന്ത്യയിലാണ്. രാമക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബര്‍ പള്ളി പണിഞ്ഞത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് മുസ്ലീങ്ങള്‍ പള്ളി പണിഞ്ഞു.ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്ന് തുരങ്കം സൃഷ്ടിച്ച ബാലനാണ് ഹെഡ്ഗേവാര്‍ എന്നാണ് മറ്റൊരു കണ്ടെത്തല്‍.ഗോള്‍വാള്‍ക്കറിനെ നെഹ്റു രണ്ടുതവണ നേരില്‍കാണുകയും മഹാത്മാ ഗാന്ധിയെ നേരിടാന്‍ സേവനം ആവശ്യപ്പെടുകയും ചെയ്തുവെന്നും ഇന്ത്യയുടെ തെക്കുഭാഗത്ത് ഹിന്ദുമഹാസമുദ്രമെന്നും പുസ്തകത്തില്‍ പരമാര്ശിച്ചിരിക്കുന്നത്.
ഹിന്ദുഐക്യത്തിലൂടെ മാത്രമേ രാഷ്ട്രത്തിന് ഐശ്വര്യവും പുരോഗതിയും കൈവരിക്കാനാവു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് സംഘത്തിന്റെ രൂപീകരണം. ഹിന്ദു സംസ്കാരത്തിന്റെ ഈറ്റില്ലമായ സിന്ധുനദി പാകിസ്താനിലാണെന്നത് നിര്‍ഭാഗ്യകരമാണ്. തിരുവോണം കേരളത്തിന്റെ ദേശീയ ഉത്സവമാണ് എന്ന് പറയുമ്പോള്‍ അന്നു തന്നെയാണ് വാമന ജയന്തിയും എന്നും പുസ്തകം വ്യാഖ്യാനിക്കുന്നു.
നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാരതി സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.