ഇടതു മുന്നണിയുടെ ജനജാഗ്രതാ യാത്ര ഇന്നുമുതല്‍

0
59


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് മുതല്‍ ആരംഭിക്കും. കാസര്‍കോടു നിന്നും ആരംഭിക്കുന്ന യാത്ര സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലും തിരുവനന്തപുരത്തു നിന്നുള്ള യാത്ര സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുമാണ് ആരംഭിക്കുന്നത്.

വൈകീട്ട് നാല് മണിക്കാണ് ജനജാഗ്രതാ യാത്രയുടെ ഉദ്ഘാടനം. മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഡി.രാജയും തിരുവനന്തപുരത്ത് നിന്ന് കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര മുഖ്യമന്ത്രി പിണറായി വിജയനും ഫ്‌ളാഗ് ഓഫ് ചെയ്യും.

ബിജെപി നടത്തിയ ജനരക്ഷാ യാത്രയ്ക്കുള്ള ശക്തമായ മറുപടിയും അമിത്ഷാ അടക്കം ബിജെപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങള്‍ക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് യാത്രയുടെ ലക്ഷ്യമെന്നാണ് എല്‍.ഡി.എഫിന്റെ അവകാശ വാദം. അക്രമമല്ല പകരം പ്രകോപനങ്ങള്‍ക്കെതിരെയുള്ള ജനകീയ ചെറുത്തുനില്‍പ്പാണ് ഉദ്ദേശിക്കുന്നതെന്നും മുന്നണി നേതൃത്വം വ്യക്തമാക്കുന്നു.

ജനജാഗ്രതാ യാത്ര നവംബര്‍ 3-നാണ് അവസാനിക്കുന്നത്. കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര തൃശൂരിലും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന യാത്ര എറണാകുളത്തുമാണ് അവസാനിക്കുന്നത്.