എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമില്ല: കുമ്മനം

0
46
Kummanam Rajasekharan

തിരുവനന്തപുരം: വികസനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒളിച്ചോടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണമായ അന്തരീക്ഷമാണെന്നും വികസന സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയെന്ന ആക്ഷേപം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥശൂന്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം അദ്ദേഹം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്.

വികസന വിഷയത്തില്‍ സംവാദത്തിന് തയാറുണ്ടോ എന്ന അമിത് ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുത്തിട്ടുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്ന് ഉണ്ടാകുന്നതെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനാകാത്ത ഒരു മുഖ്യമന്ത്രി മലയാളിക്ക് അപമാനമാണ്. ഭക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴില്‍, സംരഭകത്വം തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്ന ഗതികേട് കേരളത്തിനു മാത്രമേ ഉള്ളൂ. ജനരക്ഷാ യാത്ര കണ്ണൂര്‍ വിട്ടതോടെ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതായും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.