മാഡ്രിഡ്: കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയി . കാറ്റലന്‍ സര്‍ക്കാരിനെ പുറത്താക്കുമെന്നും റജോയി പറഞ്ഞു.

സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ അറിയിച്ചതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി സ്പാനിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

കാറ്റലോണിയയില്‍ നിയമവാഴ്ച നടപ്പിലാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് സ്പാനിഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

കാറ്റലന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് സ്പാനിഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം വേണം. സര്‍ക്കാര്‍ തീരുമാനം ഒക്ടോബര്‍ 27 വെള്ളിയാഴ്ച സെനറ്റ് വോട്ടിനിടും. ഇതിനുശേഷമാകും തുടര്‍ നടപടികള്‍.