തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ കെപിസിസി രാഷ്ട്രീയ സമിതിയോഗം ഇന്നു ചേരും. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ യോഗം നിര്‍ണ്ണായകമായി മാറും.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സോളാര്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരമാണ് ഇന്നത്തെ രാഷ്ട്രീയ കാര്യ സമിതി കൂടുന്നത്.
സോളാര്‍ വിഷയത്തില്കോണ്ഗ്രസില് കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. സോളാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എ ഗ്രൂപ്പ് നേതാക്കളാണ്. അതുകൊണ്ട് തന്നെ സോളാര്‍ കമ്മിഷന് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍ എന്ന ഐ ഗ്രൂപ്പ് നേതാവ് വി.ഡി.സതീശന്റെ പ്രതികരണം എ ഗ്രൂപ്പ് സംശയക്കണ്ണോടെടെയാണ് എ ഗ്രൂപ്പ് കാണുന്നത്.
ഈ ഭിന്നത രാഷ്ട്രീയകാര്യ സമിതിയില്‍ മറനീക്കും. സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന ആവശ്യവും രാഷ്ട്രീയകാര്യ സമിതിയില്‍ ഉയരും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും വിവരാവകാശ കമ്മീഷനും ഉമ്മന്‍ചാണ്ടി കത്തു നല്‍കിയിരുന്നു. എന്നാല്‍ നിയമസഭയില്വെക്കാതെ റിപ്പോര്‍ട്ട് ലഭ്യമാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.