ഘാനയെ വീഴ്ത്തി മാലി സെമിയില്‍; സ്‌കോര്‍ ഒന്നിനെതിരെ രണ്ട്

0
34

ഗുവാഹത്തി; അണ്ടര്‍ 17 ലോകകപ്പില്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാലി സെമിയില്‍. ഹജി ഡ്രെയിം(15), ജെമോസ ട്രവോര്‍(61) എന്നിവരുടെ ഗോളുകളാണ് മാലിയെ വിജയത്തിലെത്തിച്ചത്. ഘാനയ്ക്കായി പെനല്‍റ്റിയിലൂടെ കുട്‌സ് മുഹമ്മദ് ആശ്വാസ ഗോള്‍ നേടി. സ്‌പെയിനോ ഇറാനോ ആകും സെമി ഫൈനലില്‍ മാലിയുമായി ഏറ്റുമുട്ടുക.

ഘാനയുടെ പ്രതിരോധ നിരയുടെ വീഴ്ച മുതലെടുത്തു നടത്തിയ മിന്നലാക്രമണത്തിലാണ് മാലി ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 15ാം മിനിറ്റില്‍ ഹജി ഡ്രെയിം മാലിക്കു വേണ്ടി ആദ്യ ലീഡെടുത്തു. മാലിയുടെ ഫൗളുകളില്‍ തുടര്‍ച്ചയായി ഘാനയ്ക്ക് ഫ്രീകിക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതു ഫലപ്രദമായി മുതലാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. 41ാം മിനിറ്റില്‍ മനോഹരമായ ക്രോസിലൂടെ ഘാന ഗോള്‍വല കുലുക്കിയെങ്കിലും മാലി താരത്തെ തള്ളിയിട്ടതിന് ഘാനയുടെ ഇബ്രാഹിം സല്ലിക്കെതിരെ റഫറി ഫൗള്‍ വിധിച്ചു. ആദ്യ പകുതിയില്‍ മാലി ഒരു ഗോളിനു മുന്നില്‍.

രണ്ടാം പകുതിയില്‍ മാലി വീണ്ടും ലീഡുയര്‍ത്തി. 61ാം മിനിറ്റില്‍ ജെമോസ ട്രവോറിന്റെ ഷോട്ടാണ് രണ്ടാം ഗോള്‍ മാലിക്കു സമ്മാനിച്ചത്. മാലി ഗോള്‍ പോസ്റ്റിനു മുന്നില്‍ പന്തെത്തി നില്‍ക്കെ ഫോഡ് കൊനാറ്റെയുടെ ഫൗളാണ് ഘാനയുടെ ആദ്യ ഗോളിന് വഴിമരുന്നിട്ടത്. കിക്കെടുത്ത കുട്‌സ് മുഹമ്മദ് പന്ത് ഭംഗിയായി വലയിലെത്തിച്ചതോടെ മാലിയുടെ വിജയം പൂര്‍ണമായി.