ജനരക്ഷാ യാത്രയുടെ മറവില്‍ രാജ്യമെമ്പാടും അക്രമമെന്ന് പിണറായി

0
34

തിരുവനന്തപുരം; ജനരക്ഷാ യാത്രയുടെ മറവില്‍ ബിജെപി രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച, കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജനജാഗ്രതായാത്രയുടെ തെക്കന്‍ മേഖലാ ജാഥയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ കീഴ്‌പ്പെടുത്തുമെന്ന വാശിയോടെയാണു ബിജെപി ജാഥ നടത്തിയത്. നാടിനെതിരാണു ജാഥയെന്നു ജനം തിരിച്ചറിഞ്ഞു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സര്‍ക്കാര്‍ ചെയ്യും. അതില്‍ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാരാണു അന്വേഷണത്തിനായി കമ്മിഷനെ നിയമിച്ചത്. കമ്മിഷന്‍ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂര്‍ത്തിയാക്കി. ഇനി നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പിണറായി വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ വടക്കന്‍ മേഖലാജാഥ കാസര്‍കോട്ടെ ഉപ്പളയിലാണു തുടങ്ങിയത്. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനും ഇടതുപക്ഷത്തെ തകര്‍ക്കാനും ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നു കോടിയേരി പറഞ്ഞു. കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും. സംസ്ഥാനത്തു അക്രമത്തിനും കലാപത്തിനും വേണ്ടിയുള്ള ആഹ്വാനമാണു ബിജെപി നല്‍കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇതിനു വഴിപ്പെടരുത്. സമാധാനമാണ് എല്‍ഡിഎഫ് ശൈലിയെന്നും കോടിയേരി ഓര്‍മിപ്പിച്ചു. സോളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലാണെന്നും കോടിയേരി പറഞ്ഞു.

കേരളം ഇങ്ങനെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ എല്‍ഡിഎഫിനെതിരെയല്ല, സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയാണു കോണ്‍ഗ്രസ് രാഷ്ട്രീയയാത്ര നടത്തേണ്ടതെന്നു ഡി.രാജ പറഞ്ഞു. ബിജെപി കേരളത്തിലേക്കു കണ്ണുംനട്ടിരിക്കുകയാണ്. അവരുടെ ശ്രമങ്ങളും നീക്കങ്ങളും തെറ്റായ സ്ഥലത്തായിപ്പോയി. സംഘപരിവാറുകളുടെ ലക്ഷ്യങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നും രാജ പറഞ്ഞു.