ജസ്റ്റിസ് അരിജിത്ത് പസായതിന്റെ വരവിന് പിന്നില്‍ ബെഹ്‌റ?

0
123

എം.മനോജ് കുമാര്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശത്തിനുള്ള ജസ്റ്റിസ് അരിജിത്ത് പസായതിന്റെ വരവിന് പിന്നില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ എന്ന് സൂചന.

വര്‍ഷങ്ങളായി ലോക്നാഥ് ബഹ്റയും അരിജിത് പാസായതും തമ്മില്‍ അടുപ്പമുണ്ട്. ഈ അടുപ്പമാണ് സോളാര്‍
കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേലുള്ള നടപടിയുടെ ഘട്ടത്തില്‍ സര്‍ക്കാര്‍ പസായതിലേക്ക് എത്തിപ്പെടാന്‍ കാരണമായതെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

സോളാര്‍ കമ്മിഷന്‍ പരിധി ലംഘിച്ചു എന്ന ആരോപണം ഉയരുകയും നിയമപോരാട്ടത്തിനു യുഡിഎഫ് സന്നദ്ധമാകുകയും ചെയ്ത വേളയിലാണ് പഴുതടച്ച് മുന്നോട്ട് പോകാന്‍ രണ്ടാമതും നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനെയും ജസ്റ്റിസ് കെ.ടി.തോമസിനെയും പോലുള്ള പ്രഗത്ഭമതികള്‍ ഇവിടെ ഉണ്ടായിരിക്കെയാണ് അവരെയെല്ലാം ഒഴിവാക്കി ജസ്റ്റിസ് പസായതിന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഈ തീരുമാനത്തിനു പിന്നിലും ബെഹ്റയുടെ സ്വാധീനം പ്രകടമാണെന്നാണ് സൂചനകള്‍.

ലാവ്‌ലിന്‍ കേസില്‍ അവസാന വാദം ഹൈക്കോടതിയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെയായിരുന്നു. സാല്‍വെയുടെ വരവിനു പിന്നില്‍ ലോക്‌നാഥ് ബെഹ്‌റയുടെ കരങ്ങളാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

ബെഹ്‌റ എന്‍ഐഎയില്‍ ഉണ്ടായിരുന്നപ്പോള്‍ ചില പ്രധാന കേസുകളില്‍ വാദം നടത്തിയത് ഹരീഷ് സാല്‍വെയായിരുന്നു. ആ ബന്ധമാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍വെ എത്തുന്നതിനു ഇടയാക്കിയത്.

പൊതുവേ ഇടതുപക്ഷത്തിന്‌ സുസമ്മതനായ സുപ്രീം കോടതി ജസ്റ്റിസ് കൂടിയാണ് പസായത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസ് പുന:രന്വേഷിക്കാന്‍ വിധി പുറപ്പെടുവിച്ചതോടെയാണ് പസായത് ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.  നരേന്ദ്രമോദിക്കും ബിജെപിക്കും പിന്നീട് തലവേദനയായി മാറിയ ബെസ്റ്റ് ബേക്കറി കേസിന്റെ പുനരന്വേഷണം നടക്കുന്നത് ഈ വിധിയോടെയാണ്.

സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ക്ക് നിയമപരമായ പിന്‍ബലമാകുന്ന ഉപദേശമാണ് പസായത്തില്‍ നിന്നും സര്‍ക്കാര്‍ തേടുക. അനുകൂല നിയമോപദേശം ഒരു സുപ്രീം കോടതി ജഡ്ജിയില്‍ നിന്നും   ലഭിച്ചു എന്ന് സര്‍ക്കാരിന് പ്രസ്താവന നടത്താം. നിയമോപദേശം അരിജിത് പസായതില്‍ നിന്നുമാണ് ലഭിച്ചത് എന്ന് പറയുമ്പോള്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാരിനു പുതിയൊരു ആത്മവിശ്വാസം ലഭിക്കും. എല്ലാം കണക്കുകൂട്ടിയാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന്‌ പസായതില്‍ നിന്നും നിയമോപദേശം സ്വീകരിക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നുണ്ട്.