ദലൈലാമയ്‌ക്കെതിരെ വീണ്ടും ചൈന; കൂടിക്കാഴ്ച നടത്തുന്നവര്‍ ചൈനയുടെ ശത്രുക്കള്‍

0
41

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്‌ക്കെതിരെ വീണ്ടും ചൈന. ലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോ ആതിഥ്യമരുളുന്നതോ ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തിലുള്ള കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തേയും സംഘടനയേയും കുറ്റക്കാരായി കണക്കാക്കും. ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണ് ഇത്തരം പ്രവൃത്തികളെന്നും ചൈനീസ് സര്‍ക്കാര്‍ വക്താവ് ഷാങ് യിജിയോങ് വ്യക്തമാക്കി.
ചൈനയുമായി സൗഹൃദ ബന്ധം ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിമാലയന്‍ മേഖലയിലുള്‍പ്പെടുന്ന ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന നിലപാട് ദലൈലാമ വ്യക്തമാക്കിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദി നേതാവായാണ് ദലൈലാമയെ ചൈന മുദ്രകുത്തിയിരിക്കുന്നത്.

ബെയ്ജിങ്ങുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രങ്ങളും ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്ന നിര്‍ബന്ധവും ചൈന മുന്നോട്ട് വയ്ക്കുന്നു. ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നിലപാടിനെതിരെയും ചൈന നേരത്തെ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ചൈനയുമായുള്ള അസ്വാരസ്യം ഭയന്ന് വളരെ ചുരുക്കം ലോകനേതാക്കള്‍ മാത്രമാണ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിട്ടുള്ളത്.