കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സംരക്ഷണവലയമൊരുക്കി സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്സ്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് തണ്ടര്‍ഫോഴ്സ്. ഗോവയാണ് ഇതിന്റെ ആസ്ഥാനം.
നിലവില്‍ ബോളിവുഡ് സിനിമാതാരങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ളത്.
തണ്ടര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി ദിലീപിനൊപ്പം എപ്പോഴുമുണ്ടാകും. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ഇവരെ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറുക എന്നതാണ് സുരക്ഷാ ഭടന്മാരുടെ ജോലി. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല.
അതിനിടെ, ദിലീപിനു സുരക്ഷയൊരുക്കുന്ന തണ്ടര്‍ ഫോഴ്സിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഏജന്‍സി അധികൃതരുടെ ആരോപണം.
എന്നാല്‍, എന്തിനാണ് ദിലീപിന് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും ആയുധങ്ങളോടെയാണോ സുരക്ഷ എന്നതും അന്വേഷിക്കുന്നുണ്ട്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് ഓഫീസര്‍ പി.എ.വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ ആയിരത്തോളം വിമുക്ത ഭടന്മാര് ജോലി ചെയ്യുന്നുണ്ട്.