ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

0
58

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മണിലൈഫ്.കോം എന്ന വാര്‍ത്താവെബ്‌സൈറ്റ് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍നിയമം (രേഖകള്‍ സൂക്ഷിക്കല്‍) രണ്ടാംഭേദഗതിച്ചട്ടപ്രകാരം സര്‍ക്കാര്‍ 2017 ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, ആര്‍ബിഐ ഈ വിഷയത്തില്‍ ഇതുവരെയും നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.
ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും രണ്ടുതട്ടിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. രാജ്യത്തെ വിവിധ ബാങ്കുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ ആധാര്‍ വിവരങ്ങള്‍ കൈമാറണമെന്ന ആവശ്യവുമായി ഉപയോക്താക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ വെളിപ്പൈടുത്തല്‍. അമ്പതോളം ജനക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇടപെട്ട് ഇത് ആറായി ചുരുക്കി. മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നീക്കത്തെ ചോദ്യംചെയ്ത് ചില സാമൂഹ്യപ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജി ഉള്‍പ്പെടെ ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള നിരവധി ഹര്‍ജികള്‍ നവംബറില്‍ ഭരണഘടനാബെഞ്ച് പരിഗണിക്കും.

അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജകപാക്കേജിലേക്ക് നീങ്ങേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ആര്‍ബിഐ മോണിറ്ററി പോളിസി സമിതിയില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈമാസവും പ്രധാന നിരക്കുകളില്‍ കാര്യമായ വ്യത്യാസമൊന്നും വരുത്തേണ്ടതില്ലെന്നാണ് സമിതിയിലെ ആറ് അംഗങ്ങളും വോട്ട് ചെയ്തത്. പണപ്പെരുപ്പം നാല് ശതമാനത്തിനുതാഴെ പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തിന് വിലക്കയറ്റംതടസ്സമായേക്കുമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.