ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ബോഫോഴ്സ് ആയുധ ഇടപാട് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.ഐ. ഇതിനായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ട ഹിന്ദുജ ബ്രദേഴ്സ് കമ്പനിക്കെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കി കൊണ്ട് 2005 മെയ് 31 ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി അന്നത്തെ സര്‍ക്കാര്‍ സിബിഐക്കു നല്‍കിയിരുന്നില്ല. ഈ നിലപാടില്‍ മാറ്റം ആവശ്യപ്പെട്ടാണ് സിബിഐയുടെ നീക്കം. എന്നാല്‍ 12 വര്‍ഷത്തിനു ശേഷം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ കാലതാമസത്തെ കുറിച്ച് വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സൂചന.
2005 ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ആര്.എസ് സോധിയാണ് ഹിന്ദുജ കമ്പനിക്കെതിരെയും ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ് ചന്ദ് എന്നിവര്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് വിധി പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണത്തിന്റെ മുന നീണ്ടിരുന്നു.