മദ്യത്തെ കീഴടക്കിയ അയ്യപ്പേട്ടന്‍

0
98

കവി എ.അയ്യപ്പന്‍ മരിച്ചിട്ട് ഇന്നേയ്ക്ക് ഏഴ് വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ യുവസുഹൃത്തായിരുന്ന ഗൗതം അയ്യപ്പേട്ടനെ ഓര്‍ക്കുന്നു…

‘ഒഴിച്ചുതന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേയ്ക്ക് ഒലിച്ചുപോകും
അല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെ ചങ്ങാതിമാര്‍ മരിച്ചവരാണ് ‘
എ.അയ്യപ്പന്‍ (എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാക്കനാടന്റെ(അച്ചാച്ഛന്‍) വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി അയ്യപ്പേട്ടനെ കാണുന്നത്. തേവള്ളിയിലെ കായലോരത്തെ വീട്ടില്‍ നാല് കാക്കനാടന്‍മാര്‍ക്കും അവരുടെ സൗഹൃദങ്ങള്‍ക്കുമിടയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പെട്ടെന്നൊരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ കയറിവരും. പിന്നെ സഹൃദയത്വത്തിന്റെ കുറേ നാളുകള്‍. അതായിരുന്നു അയ്യപ്പേട്ടന്റെ പ്രകൃതം.

അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു. പഠിക്കുന്ന കാലം. കൊല്ലത്ത് വന്നിറങ്ങിയാല്‍ അയ്യപ്പേട്ടന്‍ ആദ്യം പോകുന്നത് പൊന്നന്റെ ചാരായക്കടയിലായിരുന്നു. അവിടെ നിന്ന് വയറുനിറച്ച് ചാരായം കഴിച്ച് വരുന്ന അദ്ദേഹം ഞങ്ങളുടെ തോളില്‍ കൈയിട്ട് സുഹൃത്തുക്കളോടെന്ന പോലെ തമാശ പറഞ്ഞ് നടക്കും. അപ്പോള്‍ അങ്ങേരും ഒരു കുട്ടിയായിരുന്നു. അയ്യപ്പേട്ടന്റെ ജീവിതത്തിലെ നല്ലൊരു കാലം ചിലവിട്ടത് കൊല്ലത്താണെന്നാണ് എനിക്ക് തോന്നുന്നത്.

ഒരിക്കല്‍ കാക്കനാടന്റെ അനിയന്‍ രാജന്‍ കാക്കനാടനുമൊത്ത് തലേന്ന് രാത്രി തുടങ്ങിയ മദ്യപാനവും ചര്‍ച്ചയും നേരം വെളുക്കുംവരെ നീണ്ടുനിന്നു. രാവിലെ ഞാന്‍ നോക്കുമ്പോള്‍ മുറ്റത്തെ കിണറിനരികില്‍
ഒരു കസേരയിലിരുന്ന്‌ ഊര്‍ജസ്വലതയോടെ സംസാരിച്ചിരിക്കുന്ന രാജനെന്ന റായിച്ചായന്‍. താഴെ ഒരു പപ്പായ തലയണയാക്കി നിലത്തുകിടന്ന് ഗൗരവത്തോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അയ്യപ്പേട്ടന്‍! അന്ന് രാത്രി മുഴുവന്‍ അവര്‍ എന്തായിരിക്കാം ചര്‍ച്ച ചെയ്തിരുന്നത് എന്ന് ഇപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഇങ്ങിനെ എത്രയെത്ര അയ്യപ്പന്‍ സംഭവങ്ങള്‍. അതൊന്നും ഒരിക്കലും പറഞ്ഞുതീരില്ല. അയ്യപ്പേട്ടന്റെ ഏതുകാര്യത്തിലും ഒരു കൗതുകമുണ്ടായിരുന്നു. ഒരു കുട്ടി മഴവില്ല് കണ്ടാലെന്ന പോലെയായിരുന്നു എന്നും അയ്യപ്പേട്ടന്‍.

അയ്യപ്പേട്ടന്റെ ഏക സഹോദരി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അയ്യപ്പേട്ടന്റെ വരവിന്റെ ഇടവേളകള്‍ അനന്തമായി ദീര്‍ഘിക്കുമ്പോള്‍ അവര്‍ കാക്കനാടന്റെ പത്‌നി അമ്മിണി അമ്മാമ്മയെ വിളിച്ച് ‘അയ്യപ്പന്‍ അവിടെയുണ്ടെങ്കില്‍ ഒന്ന് ഇത്രടം വരെ വരാന്‍ പറയൂ ചേച്ചി’ എന്ന് പറയുന്നത് സ്ഥിരം സംഭവമായിരുന്നു. അപ്പോള്‍ അമ്മിണി അമ്മാമ്മ എന്നെയും അമ്മാമ്മയുടെ മൂത്തമകന്‍ രാജനെയും അയ്യപ്പേട്ടനെ കൂട്ടി തിരുവനന്തപുരത്തേയ്ക്ക് ബസ് കയറ്റിവിടാന്‍ പറഞ്ഞുവിടും. അമ്മാമ്മ അയ്യപ്പേട്ടന് പോകാനുള്ള ബസ് കാശ് ഞങ്ങളെ ഏല്പിച്ചിട്ട് പറയും ‘നിങ്ങള്‍ അയ്യപ്പനെ ബസ്സില്‍ കയറ്റിയിരുത്തി ബസ് പുറപ്പെട്ടുപോയതിനുശേഷം മാത്രമെ തിരിച്ചുപോരാവൂ’ എന്ന്. ബസ് കാശുകൊണ്ട് പൊന്നന്റെ ചാരായക്കടയില്‍ കയറി അയ്യപ്പേട്ടന്‍ ചാരായം കുടിക്കുമോ എന്ന ഭയം കാരണമാണ് അമ്മാമ്മ ഈ ദൗത്യം ഞങ്ങളെ ഏല്പിച്ച് ചട്ടം കെട്ടുന്നത്. ഇത് അയ്യപ്പേട്ടനും അറിയാമായിരുന്നു. ഒരിക്കല്‍ അയ്യപ്പേട്ടനെ ബസ് കയറ്റിവിട്ട് ഞാനും രാജനും കൂടി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കാണുന്ന കാഴ്ച മുന്‍വശത്തെ മുറിയില്‍ കാലും നീട്ടിയിരിക്കുന്ന അയ്യപ്പേട്ടനെയാണ്. ചിരിച്ചുകൊണ്ട് ‘കേറിവാടാ മക്കളെ’ എന്നുപറയുന്ന അയ്യപ്പേട്ടന്റെ മുന്നില്‍ ഇളിഭ്യരായി ഞങ്ങള്‍.

തിരുവനന്തപുരത്തെ പാളയത്ത് പണ്ടുണ്ടായിരുന്ന ചാരായ ഷാപ്പില്‍ അയ്യപ്പേട്ടനും ഞാനും രാജനും സ്ഥിരം സന്ദര്‍ശകരായിരുന്നു. എനിക്കും രാജനും യാതൊരു വരുമാനവുമില്ലാത്ത കാലമായിരുന്നു അത്. ഒരിക്കല്‍ ഷാപ്പില്‍ കയറിയ അയ്യപ്പേട്ടന്‍ ഒന്നിനുപിറകെ ഒന്നായി ചാരായ കുപ്പികള്‍ക്ക് ഓര്‍ഡറിട്ടുകൊണ്ടിരുന്നു. മുന്നിലെ ഡെസ്‌ക് ചാരായക്കുപ്പികള്‍ കൊണ്ടുനിറഞ്ഞു. അതിനനുസരിച്ച് ഭക്ഷണവും. ഞാനും രാജനും ഇടയ്ക്കിടെ സ്വന്തം പോക്കറ്റില്‍ കൈയ്യിട്ട് പരസ്പരം നോക്കിക്കൊണ്ടിരുന്നു. ഞങ്ങളുടെ കൈയ്യില്‍ അഞ്ചിന്റെ കാശുണ്ടായിരുന്നില്ല. അയ്യപ്പേട്ടന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഈ കഴിച്ചുകൂട്ടുന്നതിനൊക്കെ ഉത്തരം പറയേണ്ടിവരുമോ എന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക്. എല്ലാം കഴിഞ്ഞ് പണം കൊടുക്കാന്‍ സമയമായപ്പോള്‍ അയ്യപ്പേട്ടന്‍ ഇട്ട ഉടുപ്പിന്റെ കൈച്ചുരുളങ്ങ് നിവര്‍ത്തി. അവിടെ ചുക്കിച്ചുളിഞ്ഞിരുന്നിരുന്ന രണ്ട് നോട്ടുകളെടുത്ത് ‘കൂളാ’യിട്ടങ്ങ് കൊടുത്തു. അതുകൊണ്ടും തീര്‍ന്നില്ല. ‘നിങ്ങളിവിടെ ഇരിക്ക്’ എന്നുപറഞ്ഞ് മൂപ്പര് ഒരു ഓട്ടോയും വിളിച്ച് ഒരു പോക്കായിരുന്നു. ഏതോ പത്രമാപ്പീസീലേയ്ക്കായിരുന്നു ആ പോക്കെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. അവിടെച്ചെന്ന് നിന്ന നില്പില്‍ ഒരു കവിത എഴുതിക്കൊടുത്ത് അതിനുള്ള പ്രതിഫലവും വാങ്ങിയിട്ടായിരുന്നു പുള്ളിയുടെ മടങ്ങിവരവ്. ചിലപ്പോഴൊക്കെ അടുത്ത തവണ എഴുതിക്കൊടുക്കാമെന്നേറ്റ കവിതയ്ക്കുള്ള ‘അഡ്വാന്‍സ്’ വാങ്ങുന്ന പതിവും അയ്യപ്പേട്ടനുണ്ടായിരുന്നു. എന്തായാലും അന്ന് തിരിച്ചുവന്ന് ‘യത്‌നം’ തുടര്‍ന്നു അയ്യപ്പേട്ടന്‍.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ അയ്യപ്പേട്ടന്റെ വിഹാരകേന്ദ്രമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാക്കി നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. പലപ്പോഴും ആളുകള്‍ സിനിമകള്‍ കാണാനല്ല, പകരം അയ്യപ്പേട്ടന്റെ ‘വണ്‍മാന്‍ഷോ’ കാണാനാണ് ഒരുപാട് ദൂരം യാത്ര ചെയ്ത് തലസ്ഥാനത്ത് എത്തിയിരുന്നതെന്നായിരുന്നു എന്നെ പോലുള്ളവര്‍ക്ക് തോന്നിയിട്ടുള്ളത്. ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് എപ്പോഴും അദ്ദേഹത്തിനുചുറ്റും വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പലരും മദ്യം വാങ്ങി നല്‍കി അദ്ദേഹത്തെക്കൊണ്ട് കവിതകള്‍ ചൊല്ലിപ്പിച്ചു. ചിലരുടെ പോക്കറ്റില്‍ കൈയ്യിട്ട് അദ്ദേഹം നൂറോ ഇരുന്നൂറോ ഒരു മടിയും കൂടാതെ എടുത്തു. അതിന് മദ്യം വാങ്ങി കഴിച്ചു. അയ്യപ്പേട്ടനുള്ളിടത്തെല്ലാം എപ്പോഴും ഒരു ‘സംവാദ’ സാധ്യത നിലനിന്നിരുന്നു.

മിക്കവരും പറയുന്നത് അയ്യപ്പേട്ടനെ മദ്യം കീഴടക്കിയെന്നായിരുന്നു. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് മറിച്ചാണ്. അയ്യപ്പേട്ടന്‍ മദ്യത്തെയായിരുന്നു കീഴടക്കിയത്. അയ്യപ്പേട്ടന്റെ സര്‍ഗശക്തിക്കു മുന്നില്‍ ഏത് ലഹരിയും കീഴടങ്ങുമായിരുന്നു. കാക്കനാടന്‍ അയ്യപ്പനെക്കുറിച്ച് പറഞ്ഞിരുന്നത് ‘ അവനെ എ.അയ്യപ്പനെന്നല്ല, ആന്‍ അയ്യപ്പനെ’ന്ന് വിളിക്കണമെന്നായിരുന്നു(He is not A.Ayyappan, but he is an Ayyappan). ‘Ayyappan is an illusion’ എന്നാണ് ചിലപ്പോള്‍ അദ്ദേഹം പറഞ്ഞുകേട്ടിട്ടുള്ളത്.

കവിതകളിലൂടെ, ചിരിയിലൂടെ, സ്‌നേഹത്തിലൂടെ, ലഹരിയിലൂടെ സകലരെയും കീഴടക്കി അയ്യപ്പേട്ടന്‍. അയാളൊരു ‘മനുഷ്യ’നായിരുന്നു. പച്ച മനുഷ്യന്‍. അദ്ദേഹം ഒഴുകിപ്പോയി. ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു കാലവും.